ന്യൂഡൽഹി/ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാരകന്പനിയെ ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ വ്യാപാരശൃംഖല ഏറ്റെടുത്തു. ഫ്ലിപ്കാർട്ടിനെ വാങ്ങാൻ അമേരിക്കൻ ഭീമനായ വാൾമാർട്ട് മുടക്കുന്നത് 1600 കോടി ഡോളർ (1.07 ലക്ഷം കോടി രൂപ). 11 വർഷം മുൻപ് സച്ചിന് ബൻസൽ, ബിന്നി ബൻസൽ എന്നീ യുവ എൻജിനിയർമാർ തുടങ്ങിയാണു ഫ്ലിപ്കാർട്ട്.
ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാരകന്പനിയായ ആമസോണിനോടു പിടിച്ചുനിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് വാങ്ങുന്നത്. യുഎസ് വിപണിയിൽ ആമസോണിൽനിന്ന് ഇടപാടുകാരെ അടർത്തിയെടുക്കാനുള്ള വാൾമാർട്ടിന്റെ ശ്രമങ്ങളെല്ലാം പരാജയമായിരുന്നു.
ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ അടവുകളെല്ലാം പയറ്റിയിട്ടും അവിടെ വാൾമാർട്ടിനു പിടിച്ചുനിൽക്കാനായില്ല. സ്വദേശിയായ ആലിബാബയാണ് അവിടെ റീട്ടെയിൽ രാജാവ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും വിജയിച്ച സ്റ്റാർട്ടപ് സംരംഭത്തെ മോഹവില നൽകി വാങ്ങുന്നത്.
ഇതോടെ ഇന്ത്യയിലെ ഓൺലൈൻ വ്യാപാരം അമേരിക്കൻ ഭീമന്മാരുടെ പോർക്കളമാകും. വാൾമാർട്ടും ആമസോണും തമ്മിലുള്ള പോരാട്ടത്തിൽ ഇന്ത്യൻ ഇ-കൊമേഴ്സ് വിപണി വളരെ വേഗം വലുതാവുകയും ചെയ്യും.