ബംഗളൂരു: ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് വാങ്ങിയത് കന്പനിയിലെ നൂറുകണക്കിനു ജീവനക്കാരെ കോടീശ്വരരാക്കും. കന്പനിയുടെ പതിനായിരത്തോളം ജീവനക്കാരിൽ മൂവായിരം പേർക്ക് കന്പനിയുടെ ഓഹരിയുണ്ട്.
എംപ്ലോയീ സ്റ്റോക്ക് ഓപ്ഷൻ (ഇസോപ്) പ്രകാരം ഓഹരി ലഭിച്ചശേഷം കന്പനി വിട്ടു പോയവരുമുണ്ട്. ഇസോപ് പ്രകാരമുള്ള ഓഹരികൾ ഒരു വർഷം കഴിഞ്ഞേ വ്യക്തികളുടെ പേരിൽ നല്കൂ.
ഇങ്ങനെ പേരിലേക്കു മാറ്റിയ ഓഹരികൾ തിരിച്ചു വാങ്ങുമെന്നു ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ വിന്നി ബൻസൺ ഇന്നലെ പറഞ്ഞു. ഓഹരി ഒന്നിനു പതിനായിരം രൂപയ്ക്കടുത്താകും (150 ഡോളർ) തിരിച്ചുവാങ്ങൽ വില. ആയിരത്തിലേറെ ഓഹരികൾ ഉള്ള നിരവധി പേരുണ്ട്. അവർക്ക് ഒരു കോടിയിലേറെ രൂപ ലഭിക്കും.
കഴിഞ്ഞ വർഷം ഓഹരി ഒന്നിന് 85.2 ഡോളർ വച്ച് കുറേ ഓഹരികൾ തിരിച്ചു വാങ്ങിയിരുന്നു. അതിനു 10 കോടി ഡോളർ മുടക്കി.