മുംബൈ: ഇ-കൊമേഴ്സ് രംഗത്തെ ആഗോളഭീമൻ ആമസോൺ ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ റീട്ടെയ്ലറായ ഫ്ലിപ്കാർട്ടിനെ സ്വന്തമാക്കാൻ രംഗത്ത്. റീട്ടെയിൽ ഭീമൻ വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ കൈയടക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലായപ്പോഴാണ് ആമസോണിന്റെ വരവ്. ഫ്ലിപ്കാർട്ടിന്റെ 60 ശതമാനം ഓഹരി വാങ്ങാമെന്നാണ് ആമസോണിന്റെ വാഗ്ദാനം.
ഫ്ലിപ്കാർട്ടിൽ 23 ശതമാനം ഓഹരിയുള്ള ജാപ്പനീസ് കന്പനി സോഫ്റ്റ് ബാങ്ക് ആണ് പുതിയ സംഭവവികാസത്തിനു പിന്നിൽ എന്നു കരുതപ്പെടുന്നു. ആമസോണുമായി ചേർന്നാൽ 400 കോടി ഡോളർകൂടി ഫ്ലിപ്കാർട്ടിൽ മുടക്കാൻ സോഫ്റ്റ് ബാങ്ക് തയാറാണത്രേ.
എന്നാൽ വാൾമാർട്ട്തന്നെ ഫ്ലിപ്കാർട്ടിനെ കൈയടക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ടൈഗർ ഗ്ലോബൽ, നാസ്പേഴ്സ്, ആക്സൽ പാർട്നേഴ്സ് തുടങ്ങി ഫ്ലിപ്കാർട്ടിലെ മറ്റു പ്രമുഖ നിക്ഷേപകർ വാൾമാർട്ടിനെയാണ് പിന്തുണയ്ക്കുന്നത്.
ഫ്ലിപ്കാർട്ടിന്റെ നിലവിലെ സിഇഒ കല്യാൺ കൃഷ്ണമൂർത്തിയെ നിലനിർത്തിക്കൊണ്ടുള്ള ഇടപാടാണ് വാൾമാർട്ട് ഉദ്ദേശിക്കുന്നത്. ആമസോൺ അതേപ്പറ്റി ഒന്നും പറയുന്നില്ല.
ഫ്ലിപ്കാർട്ടിന് 2000 കോടി ഡോളർ (1,33,000 കോടി രൂപ) വിലയിട്ടാണ് വാൾമാർട്ട് ഓഹരികൾ വാങ്ങുക. വാൾമാർട്ടിന്റെ ഏറ്റവും വലിയ ഇ-കൊമേഴ്സ് ഏറ്റെടുക്കലാകും ഇത്. ഇതു നടക്കുന്നതോടെ വാൾമാർട്ടിന്റെ ഓഹരിവിലയും കൂടുമെന്ന പ്രതീക്ഷയുണ്ട്. ഫ്ലിപ്കാർട്ട് സ്ഥാപകൻ സച്ചിൻ ബൻസാൽ കഴിഞ്ഞയാഴ്ച വാൾമാർട്ട് മേധാവികളുമായി അമേരിക്കയിൽ ചർച്ച നടത്തിയിരുന്നു.
ആമസോൺ-ഫ്ലിപ്കാർട്ട് ഇടപാടിന് നിയമതടസങ്ങൾ ഉണ്ടാകാം. ഓൺലൈൻ വപണനത്തിൽ കുത്തക വരുന്ന സാഹചര്യം ഉണ്ടാകും. ഫ്ലിപ്കാർട്ടിലും സ്നാപ്ഡീലിലും സോഫ്റ്റ് ബാങ്കിന് വലിയ നിക്ഷേപമുണ്ട്.