ഓർഡർ ചെയ്ത ക്രിക്കറ്റ് ബാറ്റിന് പകരമായി കോട്ട് നൽകിയ ഫ്ളിപ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴയിട്ടു. കർണാടകയിലെ ശിവമോഗ സ്വദേശിയായ വാദിരരാജ റാവു എന്നയാളുടെ പരാതിയെ തുടർന്നാണ് നടപടി. 2017ലാണ് 6,704 രൂപ നൽകി അദ്ദേഹം ക്രിക്കറ്റ് ബാറ്റ് ഓർഡർ ചെയ്തത്. എന്നാൽ ലഭിച്ചതാകട്ടെ കോട്ടും.
ഇത് മാറി നൽകണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്പനി ഇതിന് തയാറാകാഞ്ഞതിനെ തുടർന്ന് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.
സി.എം. ചഞ്ചല, എച്ച്. മഞ്ജുള എന്നിവരടങ്ങിയ ബഞ്ചാണ് ഫ്ളിപ്കാർട്ടിന് പിഴ വിധിച്ചത്. ആറ് ആഴ്ച്ചയ്ക്കുള്ളിൽ റാവുവിന് ക്രിക്കറ്റ് ബാറ്റ് നൽകണമെന്നും ഷ്ടപരിഹാരമായി 50,000 രൂപ നൽകണമെന്നും ഉപഭോക്താവിനെ വഞ്ചിച്ചതിന് ഉപഭോക്ത കോടതിയുടെ വെൽഫയർ ഫണ്ടിലേക്ക് 50,000 രൂപയും പിഴയായി അടയ്ക്കുവാനും കോടതി നിർദ്ദേശിച്ചു.
നഷ്ടപരിഹാര തുക നൽകുവാൻ വൈകിയാൽ വാർഷിക പലിശയായി 10 ശതമാനം തുക അധികം നൽകണമെന്നും കോടതി വിധിച്ചു.