ഉപഭോക്താക്കൾക്കു പണി കൊടുത്ത് ഫ്ലിപ്കാര്‍ട്ടിനു മതിയായില്ലെന്നു തോന്നുന്നു. ഏറ്റവുമൊടുവിൽ ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാൾക്കു ഫ്ലിപ്കാര്‍ട്ട് എത്തിച്ച് കൊടുത്തത് പിയേഴ്സ് സോപ്പ്! വ്ലോഗറായ വിദുർ സിരോഹിയാണ് ഈ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അദ്ദേഹം പറയുന്നത് ഇങ്ങനെ: ഫ്ലിപ്കാര്‍ട്ട് ഇന്ത്യയില്‍നിന്നു കഴിഞ്ഞ നവംബർ 16ന് ഞാൻ ഐ ഫോണ്‍ 15 ഓർഡർ ചെയ്തു. ഡെലിവറി പ്രതീക്ഷിച്ചിരുന്ന തീയതി നവംബർ 17 ആയിരുന്നു. എന്നാല്‍ അന്നു ഡെലിവറി നടന്നില്ല.
അടുത്ത ദിവസം ഡെലിവറി ചെയ്യേണ്ടതായിരുന്നെങ്കിലും ഞാന്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഡെലിവറി തീയതി നവംബർ 22ന് ഷെഡ്യൂൾ ചെയ്തു. ഡെലിവറിക്കാരനു വൈകീട്ട് വരാന്‍ പറ്റില്ലെന്നു പറഞ്ഞതിനാൽ 25 ലേക്കു മാറ്റി. പക്ഷേ അന്നും നടന്നില്ല. ഒടുവിൽ 26ന് ഫ്ലിപ്കാര്‍ട്ടില്‍നിന്ന് ഡെലിവറി എത്തി. ഐ ഫോണിനു പകരം എനിക്ക് ലഭിച്ചത് ഒരു പിയേഴ്സ് സോപ്പ്!
പരിഹാരത്തിനായി ഫ്ലിപ്കാര്‍ട്ടിന്റെ സഹായം ലഭിക്കുന്നില്ലെന്നും എന്റെ ധാരാളം സമയവും ഊര്‍ജവും ഇതിനായി പാഴാകുകയാണെന്നും ഓൺലൈൻ വാങ്ങൽ വലിയ നിരാശയും പരാജയവുമാണെന്നും വിദുർ സിരോഹി ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചു.
അടുത്തിടെ വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്തയാൾക്കു മനുഷ്യവിസർജ്യം ലഭിച്ച സംഭവമുണ്ടായിരുന്നു.