ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ സാധനങ്ങൾ ഓർഡർ ചെയ്താൽ അത് കൈയിൽ കിട്ടാൻ ചിലപ്പോൾ ദിവസങ്ങളെടുക്കും. എന്നാൽ ഓർഡർ ചെയ്ത് ലാപ്ടോപ്പ് വളരെ പെട്ടന്ന് ഡെലിവറി ചെയ്ത് ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സംഭവം ബംഗളൂരുവിലാണ്. ഫ്ളിപ്കാർട്ട് മിനിറ്റ്സ് വഴി ലാപ്ടോപ്പ് ഓർഡർ ചെയ്ത ശേഷം 13 മിനിറ്റിനുള്ളിൽ അത് ലഭിച്ചതായി സോഫ്റ്റ്വെയർ ഡെവലപ്പറായ സണ്ണി ആർ ഗുപ്ത പങ്കുവെച്ചു. കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഒരു അപ്രതീക്ഷിത സമ്മാനവും അയാൾക്ക് ലഭിച്ചു.
അദ്ദേഹത്തിൻ്റെ ട്വീറ്റിന് ലഭിച്ച ശ്രദ്ധയ്ക്ക് അഭിനന്ദന സൂചകമായി ഫ്ലിപ്പ്കാർട്ട് ലാപ്ടോപ്പ് ബാഗാണ് അയച്ചുകൊടുത്തത്. എന്നാൽ തൻ്റെ അനുഭവം ഒരു മാർക്കറ്റിംഗ് സ്റ്റണ്ടിൻ്റെയോ ആസൂത്രിത പ്രമോഷൻ്റെയോ ഭാഗമല്ലെന്ന് എക്സിലെ ഫോളോ-അപ്പ് പോസ്റ്റിൽ സണ്ണി വിശദീകരിച്ചു.
‘ഞാൻ ആമസോണിലും ഫ്ലിപ്കാർട്ടിലും ഒരു പുതിയ വിൻഡോസ് ലാപ്ടോപ്പിനായി ബ്രൗസ് ചെയ്യുകയായിരുന്നു. എൻ്റെ ബഡ്ജറ്റിനും ആവശ്യകതകൾക്കും അനുയോജ്യമായ ഒരു മോഡൽ ഫ്ലിപ്പ്കാർട്ടിൽ ഞാൻ ശ്രദ്ധിച്ചു, 15 മിനിറ്റിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ ഫീച്ചർ ഞാൻ ശ്രദ്ധിച്ചു. ഈ ഓപ്ഷനിൽ ആകൃഷ്ടനായ ഞാൻ ഇത് പരീക്ഷിക്കാൻ തീരുമാനിച്ചു, പരമ്പരാഗത ഡെലിവറിക്കായി ഒരു ദിവസം കാത്തിരിക്കുന്നതിനേക്കാൾ ഇത് കൂടുതൽ സൗകര്യപ്രദമാണെന്ന് കരുതി’ സണ്ണി എക്സിൽ കുറിച്ചു.