സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റഴിക്കാൻ ഇടം നൽകിയതിന് ഫ്ളിപ്പ് കാർട്ടിന് ഡൽഹി ഹൈക്കോടതി ലക്ഷം രൂപ പിഴ ചുമത്തി.
ഒരാഴ്ചയ്ക്കുള്ളിൽ പിഴ തുക കോടതി രജിസ്ട്രിയിൽ നിക്ഷേപിക്കണം എന്നാണു നിർദേശം. കഴിഞ്ഞ മാസം കേന്ദ്ര ഉപഭോക്തൃസംരക്ഷണസമിതി ഇതേ കേസിൽ ഫ്ളിപ്പ് കാർട്ടിന് ലക്ഷം രൂപ പിഴയിട്ടിരുന്നു.
ഫ്ളിപ്പ് കാർട്ടിലൂടെ ഈ കുക്കറുകൾ വാങ്ങിയ 598 ഉപയോക്താക്കളുടെ വിവരം പ്രസിദ്ധീകരിക്കണമെന്നും അവർക്ക് തുക മടക്കി നൽകണമെന്നും നിർദേശിച്ചിരുന്നു.
ബിഐഎസ് സ്റ്റാൻഡേർഡ് ഇല്ലാത്ത കുക്കറുകൾ വിറ്റഴിക്കാൻ ഇടം നൽകിയതാണ് ഫ്ളിപ്പ് കാർട്ടിന് വിനയായത്.
കുക്കറുകൾ ആമസോണ്‍ വഴി വാങ്ങിയ 2,262 ഉപയോക്താക്കൾക്ക് തുക മടക്കി നൽകണമെന്ന് 20ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
ഉപഭോക്തൃസംരക്ഷണനിയമം അനുസരിച്ച് ബിഐഎസ് നിലവാരം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായ ഗുണനിലവാരം ഇല്ലാത്ത സാധനങ്ങൾ വിൽക്കുന്നത് ചട്ടലംഘനമാണ്.
2021 ഫെബ്രുവരി ഒന്നു മുതൽ നിലവിൽ വന്ന ഡൊമസ്റ്റിക് പ്രഷർ കുക്കർ (ക്വാളിറ്റി കണ്ട്രോൾ) ഓർഡർ 2020 അനുസരിച്ച് എല്ലാ പ്രഷർ കുക്കറുകളും നിർബന്ധമായും ഐഎസ്: 2347: 2017 ഗുണനിലവാരം ഉള്ളവയായിരിക്കണം.
ഐഎസ്ഐ മാർക്കും നിർബന്ധമാണ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണസമിതിയുടെ വിജ്ഞാപനം അനുസരിച്ച് ഹെൽമെറ്റുകൾ, പ്രഷർ കുക്കറുകൾ, പാചകവാതക സിലിണ്ടറുകൾ, ഇലക്ട്രിക് വാട്ടർ ഹീറ്ററുകൾ, തയ്യൽ മെഷീനുകൾ, മൈക്രോ വേവ് ഓവനുകൾ, ഗ്യാസ് സ്റ്റൗ എന്നിവയ്ക്ക് ഈ മാനദണ്ഡങ്ങൾ നിർബന്ധമാണ്.