ജലത്താല്‍ വലയം ചെയ്യപ്പെട്ട നഗരങ്ങള്‍ കാണാന്‍ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ഇറ്റലിയിലെ വെനീസ്, ഹോളണ്ടിലെ ആംസ്റ്റര്‍ഡാം, ബെല്‍ജിയത്തിലെ ബ്രൂഗ്സ് എന്നിവയെല്ലാം തന്നെ ഇത്തരത്തിലുള്ള കനാല്‍ ടൗണുകളാണ്. എന്നാല്‍ വെള്ളത്തിലൂടെ ഒഴുകി നീങ്ങുന്ന ഒരു നഗരത്തേക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ?. ഇത്തരമൊരു നഗരം യാഥാര്‍ഥ്യമാവാന്‍ പോവുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫ്രാന്‍സിന്റെ അധീനതയിലുള്ള ഫ്രഞ്ചു പോളിനേഷ്യ എന്ന ദ്വീപ് രാഷ്ട്രത്തിലാണ് ഒഴുകുന്ന നഗരം വരാന്‍ പോകുന്നത്. 2019ല്‍ ഒഴുകുംനഗരത്തിന്റെ പണി ആരംഭിക്കാമെന്നാണ് പദ്ധതിയുടെ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി കണക്കുകൂട്ടുന്നത്. ഇവര്‍ ഫ്രഞ്ചു പോളിനേഷ്യന്‍ ഗവണ്മെന്റുമായി കരാറൊപ്പിട്ടു കഴിഞ്ഞു.
സീ സ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ നിര്‍മാണ വിദഗ്ധര്‍ അഞ്ചുവര്‍ഷമായി നടത്തിയ പഠനത്തിനൊടുവിലാണ് ഒഴുകുന്ന നഗരം നിര്‍മിക്കാനുള്ള പദ്ധതി തയ്യാറായത്. കടല്‍ ജലനിരപ്പുയരുന്നത് 118 ദ്വീപുകള്‍ ചേര്‍ന്ന ഫ്രഞ്ച് പോളിനേഷ്യയുടെ നിലനില്‍പ്പുകള്‍ തന്നെ അപകടത്തിലാക്കിയിരിക്കുമ്പോഴാണ് സര്‍ക്കാര്‍ സീ സ്റ്റാന്‍ഡിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. സാമ്പത്തിക, പാരിസ്ഥിതിക, നിയമ വശങ്ങളെക്കുറിച്ച് കൂടുതല്‍ പഠിച്ചശേഷമായിരിക്കും മുന്നോട്ടു നീങ്ങുക.
പൊതുതാത്പര്യം പരിഗണിച്ചാണ് മുമ്പ് ആരും ചെയ്തിട്ടില്ലാത്ത ഈ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറായതെന്നാണ് സീ സ്റ്റാന്‍ഡിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റാന്‍ഡോള്‍ഫ് ഹെന്ക്കന് പറയുന്നത്. ആദ്യ ശ്രമത്തില്‍തന്നെ ഇതു വിജയകരമാകുമെന്ന് താന്‍ വിചാരിച്ചില്ലയെന്നും ഹെന്കന് പറയുന്നു. കടലില്‍ ഒരു മതില്ക്കെട്ടിനകത്തായിരിക്കും ഒഴുകുന്ന ദ്വീപ് നിര്‍മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികപരമായി പറഞ്ഞാല്‍ ഇത് നടക്കുന്ന പദ്ധതിയാണെങ്കിലും ധാരാളം ഇതിനു വേണ്ടുന്ന പണച്ചെലവ് അതിഭീമമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ചെലവു കുറച്ച് എങ്ങനെ പദ്ധതി നടപ്പാക്കാമെന്നാണ് തങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നതെന്നും വ്യക്തമായി ആലോചിച്ചതിനു ശേഷമേ പദ്ധതി ആരംഭിക്കുകയുള്ളൂ എ്ന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഗവണ്മെന്റിന് ഈ പദ്ധതിയോട് വളരെ മതിപ്പാണെന്നും പദ്ധതി യാഥാര്‍ഥ്യമായാല്‍ അത് ഫ്രഞ്ച് പോളിനേഷ്യയുടെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്നും ഇദ്ദേഹം പറയുന്നു. ഒഴുകുന്ന ദ്വീപ് ധാരാളം വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുമെന്നതിലും ഹെന്കന് സംശയമില്ല.