തിരുവനന്തപുരം: ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജ് വിനോദ സഞ്ചാര കേന്ദ്രമായ വർക്കല പാപനാശം ബീച്ചിൽ ആരംഭിച്ചു. സംസ്ഥാനത്തെ ഏഴാമത്തെ ഫ്ളോട്ടിങ് ബ്രിഡ്ജാണ് വർക്കലയിലേത്.
ക്രിസ്മസ് പുതുവത്സര സമ്മാനമായാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് ആളുകൾക്ക് തുറന്നു കൊടുത്തത്. ഫ്ലോട്ടിങ് ബ്രിഡ്ജ് ഉൾപ്പെടെ ബീച്ചിലെ അഡ്വെഞ്ചർ ടൂറിസം പദ്ധതി മന്ത്രി പി. എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്ലോട്ടിങ് ബ്രിഡ്ജുകള്‍ നിര്‍മിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് വാഗ്ദാനം ചെയ്തു.
100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമാണ് ഫ്ളോട്ടിങ് ബ്രിഡ്ജിനുള്ളത്. പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലുമായി ആളുകൾക്ക് കാഴ്ചകള്‍ ആസ്വദിക്കുന്നതിനായി പ്ലാറ്റ്ഫോം സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഉദ്ഘാടന ദിവസം എത്തിയത്. രാവിലെ 11 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവേശന സമയം. സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാർഡുകൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.