പലരും വിവാഹങ്ങള്‍ മാറ്റിവച്ചു, കമ്പനികളില്‍ നിന്ന് പിരിച്ചുവിടലുകള്‍ വര്‍ധിക്കുന്നു, പ്രളയാനന്തര കേരളത്തിന്റെ സാമ്പത്തികനില സാധാരണ നിലയിലെത്താന്‍ മാസങ്ങളാകും, ഒരു സാമ്പത്തിക അവലോകനം

പ്രളയത്തില്‍ നിന്ന് കരകയറാന്‍ കേരളത്തിന്റെ സാമ്പത്തികമേഖല ഇനിയുമേറെ നാളെടുക്കുമെന്ന് വിദഗ്ധര്‍. ഐടി ഒഴികെയുള്ള മേഖലകളെയെല്ലാം പ്രളയം ബാധിക്കും. ദിവസ വരുമാനക്കാര്‍ മുതല്‍ വന്‍കിട കമ്പനികളിലെ ജീവനക്കാര്‍ വരെ സാമ്പത്തികമായി കഷ്ടപ്പെടുന്ന ദിവസങ്ങളാകും വരാന്‍ പോകുന്നത്.

വിവാഹങ്ങള്‍ മാറ്റിവച്ചു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കാനിരുന്ന വിവാഹങ്ങള്‍ പലതും മാറ്റിവച്ചു. ചിങ്ങം പിറന്നതോടെ കല്യാണ വിപണി ഉഷാറാകേണ്ടതായിരുന്നു. എന്നാല്‍ വീടും സ്വത്തുകളും നഷ്ടപ്പെട്ടതോടെ പല കല്യാണങ്ങളും നീട്ടിവയ്ക്കുകയോ അനിശ്ചിതത്വത്തിലാകുകയോ ചെയ്തിട്ടുണ്ട്. ഇതോടെ കേറ്ററിംഗ് മുതല്‍ പന്തല്‍ ജോലി വരെ കരാര്‍ എടുത്തവരെയും ബാധിച്ചു. ജുവലറികളിലും ബ്യൂട്ടിപാര്‍ലറുകളിലും ആള്‍ത്തിരക്ക് നന്നേ കുറഞ്ഞു. ഇത്തവണത്തെ വിവാഹ സീസണില്‍ കാര്യങ്ങള്‍ പഴയപോലെ ആകില്ലെന്ന് ഉറപ്പാണ്.

ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

വെള്ളപ്പൊക്കം പല കമ്പനികളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ ഇപ്പോള്‍ തന്നെ ജീവനക്കാരെ കുറയ്ക്കുന്നുണ്ട്. ഇത്തവണ ടൂറിസം സീസണില്‍ കാര്യമായൊന്നും പ്രതീക്ഷിക്കാത്തതിനാല്‍ പല കമ്പനികളും പ്രവര്‍ത്തനം നാമമാത്രമാക്കിയിട്ടുണ്ട്. ട്രാവല്‍ ഏജന്‍സികളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഹോട്ടല്‍, വാഹന ബുക്കിംഗുകള്‍ പലതും നിലച്ചു. ഡിസംബര്‍ വരെയുള്ള ബുക്കിംഗുകള്‍ വ്യാപകമായി ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.

ചെറുകിയ മേഖലയിലും പ്രശ്‌നങ്ങള്‍

ആലുവ, ചാലക്കുടി, അങ്കമാലി, കൊച്ചി എന്നുവേണ്ട പ്രളയം ബാധിച്ച ഒട്ടുമിക്ക സ്ഥലങ്ങളിലെയും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ പലതും വെള്ളം കയറി നശിച്ചുപോയി. ഇതുമൂലം നിരവധിപേര്‍ക്കാണ് ജോലി നഷ്ടമാകാന്‍ പോകുന്നത്. സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ ഈ കമ്പനികളുടെ ഭാവി അവതാളത്തിലാകും.

Related posts