കോട്ടയം: തിരുവാതുക്കൽ ടൗണ്‍ ഹാളിലെ ഗോഡൗണിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികൾ കടത്താൻ ശ്രമിച്ച സംഭവം ഇനി പോലീസ് അന്വേഷിക്കും. മോഷണം സംബന്ധിച്ച് കോട്ടയം തഹസിൽദാർ ഇന്നലെ വെസ്റ്റ് പോലീസിൽ പരാതി നല്കി. പരാതി സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വൈകാതെ ദുരിതാശ്വാസ സാമഗ്രികൾ കടത്താൻ ശ്രമിച്ചവർ പിടിയിലാകുമെന്നാണ് സൂചന.
ദുരിതാശ്വാസ സാമഗ്രികൾ ഇറക്കി വച്ച ജീവനക്കാർ തന്നെയാണ് സാധനങ്ങൾ കടത്താൻ ശ്രമിച്ചതെന്ന് തഹസിൽദാർ ഇന്നലെ ജില്ലാ കളക്ടർക്ക് നല്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.അതിനാൽ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. സാധനങ്ങൾ ഇറക്കി വച്ചത് ആരാണെന്ന് റവന്യു വകുപ്പിനറിയാം. അതിനാൽ തന്നെ ആരാണ് ഇതിന് പിന്നിലെന്ന് വളരെ കൃത്യമായി പോലീസിനെ ധരിപ്പിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രതികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കുമെന്നാണ് കരുതുന്നത്. ശനിയാഴ്ച വൈകുന്നേരമാണ് തിരുവാതുക്കൽ ടൗണ്‍ ഹാളിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ മിക്സി അടക്കമുള്ള സാധനങ്ങൾ എത്തിയത്. ഇത് ഗോഡൗണിൽ ഇറക്കി വച്ച് വാതിൽ അടച്ചു പോയ ശേഷം ഇതിൽ ചിലർ തിരികെ വന്ന് സാധനങ്ങൾ കടത്തുകയായിരുന്നുവെന്ന് തഹസിൽദാർ പറയുന്നു.
അതേ സമയം ശനിയാഴ്ചയുണ്ടായ സംഭവത്തിൽ മേലുദ്യോഗസ്ഥർ ഇടപെട്ട ശേഷമാണ് പോലീസിൽ പരാതി നല്‍കിയത്. കളക്ടറുടെ നിർദേശമില്ലാതെ പരാതി നല്‍കാനാവില്ല എന്ന നിലപാടായിരുന്നു ആദ്യം ഉദ്യോഗസ്ഥർ സ്വീകരിച്ചത്. എന്നാൽ ഇതിനെ വിമർശിച്ച് മേലുദ്യോഗസ്ഥർ രംഗത്തെത്തിയതോടെ ഇന്നലെ വൈകുന്നേരമാണ് പോലീസിൽ പരാതി നല്‍കിയത്.
നാട്ടുകാർ പറയുന്ന വിവരം അനുസരിച്ചാണെങ്കിൽ ഇതിനു മുൻപ് പലതവണ ഇവിടെ നിന്ന് സാധനങ്ങൾ കടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. ഇതും അന്വേഷണ വിധേയമാകും. നേരത്തേ കടത്തിയ സാധനങ്ങൾ എന്തൊക്കെ, ഇത് ആർക്ക് നല്കി തുടങ്ങിയ വിവരങ്ങളും പുറത്തു വരേണ്ടതുണ്ട്.