ബെയ്ജിംഗ്: ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിനു സമീപം കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 20 പേർ മരിച്ചു. 27 പേരെ കാണാതായി. നൂറുകണക്കിനു വീടുകളും റോഡുകളും വെള്ളത്തിനടിയിലായി. നിരവധി കാറുകൾ ഒഴുകിപ്പോയി.
പ്രളയത്തെത്തുടർന്ന് റെയിൽവേ സ്റ്റേഷനുകൾ അടച്ചു. അഞ്ചു ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ജൂലൈയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 15 പേർ മരിച്ചിരുന്നു.
ബെയ്ജിംഗിൽ കനത്ത മഴ വിരളമാണ്. വടക്കൻ മേഖലയിൽ 50 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയമാണ് ഇത്തവണയുണ്ടായത്. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരന്തമുണ്ടായത് 1998ലാണ്. 4150 പേരാണ് യാംഗ്റ്റ്സി നദിയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചത്.