ന്യൂഡൽഹി: അതിശക്തമായ കാറ്റിലും മഴയിലും വിറച്ച് രാജ്യതലസ്ഥാനം. ഇന്നലെ ആരംഭിച്ച മഴ ഇന്നു രാവിലെയും തുടരുകയാണ്. മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരാൾ മരിച്ചു.
വിമാനത്താവളത്തിൽ യാത്രക്കാരുമായി എത്തിയ ടാക്സി ഡ്രൈവർ ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഡിപ്പാര്‍ച്ചര്‍ മേഖലയിലാണ് അപകടമുണ്ടായത്. മേൽക്കൂര തകർന്നതോടെ തൂണുകള്‍ മറിഞ്ഞ് ടാക്സി കാറുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു. നിരവധി വാഹനങ്ങള്‍ക്കു കേടുപാടുകൾ സംഭവിച്ചു.
അപകടത്തെത്തുടർന്നു ടെര്‍മിനല്‍ ഒന്നില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ താല്കാലികമായി നിര്‍ത്തി. ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.വ്യാപക നാശനഷ്ടമാണ് ഡൽഹിയിൽ ഉണ്ടായിരിക്കുന്നത്.
ഡൽഹിയിലെ പലയിടങ്ങളും രൂക്ഷമായ വെള്ളക്കെട്ടിലാണ്. മരങ്ങൾ ഒടിഞ്ഞുവീണ് റോഡ് ഗതാഗതവും തടസപ്പെട്ടു. ഡൽഹിയിൽ അടുത്ത ഏഴു ദിവസത്തേക്ക് മിതമായതോ കനത്തതോ ആയ മഴ തുടരും.
20 മുതൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കുമെന്നു കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ജൂലൈ മൂന്നുവരെ യെലോ അലർട്ടും പുറപ്പെടുവിച്ചു. ജാഗ്രതാ നടപടികൾ സ്വീകരിക്കാൻ നിര്‍ദേശം നല്കി. അടുത്ത രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഡൽഹിയിൽ മൺസൂൺ എത്തുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപുർ, മിസോറാം, ത്രിപുര, ഗുജറാത്ത്, വിദർഭ, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.