കോട്ടയം: പ്രളയജലത്തിൽ നശിച്ചു പോയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേടുപാടുകൾ നന്നാക്കിയെടുക്കാൻ നൈപുണ്യകർമ്മ സേന രംഗത്തെത്തി. വ്യാവസായിക പരിശീലനവകുപ്പിന്റെയും ഹരിത കേരള മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ഐടിഐ കളിലെ ട്രെയിനികളെയും ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് സേന സജ്ജമാക്കിയിരിക്കുന്നത്.
ദിവസങ്ങളോളം നീണ്ടു നിന്ന പ്രളയജലത്തിൽ വീടുകളിലെ ഫ്രിഡ്ജ്, ടിവി, മിക്സി, വാഷിംഗ് മെഷീൻ, ഫാൻ, മോട്ടോർ പന്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. വെള്ളം ഇറങ്ങിയ പ്രദേശങ്ങളിലെ വീടുകളിലെത്തി ഉപകരണങ്ങൾ ഉണക്കിയെടുത്ത് കേടുപാടുകൾ തീർത്ത് പ്രവർത്തന സജ്ജമാക്കിയെടുക്കുക എന്നതാണ് നൈപുണ്യകർമ്മ സേനയുടെ ദൗത്യം.
ആദ്യഘട്ടത്തിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി, ഉദയനാപുരം, മറവൻതുരുത്ത്, തലയോലപ്പറന്പ്, തിരുവാർപ്പ്, ആർപ്പൂക്കര, കടുത്തുരുത്തി, നീണ്ടൂർ, കുറിച്ചി തുടങ്ങിയ പ്രദേശങ്ങളിലെ 472 വീടുകളിൽ സേന സേവനം നടത്തി. നീണ്ടൂർ പാടശേഖരം ഉൾപ്പെടുന്ന 13 പ്രദേശങ്ങളിലെ 50 കുതിരശക്തി വരുന്ന ഇരുപതോളം കൂറ്റൻ മോട്ടോറുകൾ നന്നാക്കിയെടുത്തതും നൈപുണ്യകർമ്മ സേനയിലെ മിടുക്കരാണ്. രണ്ടു ദിവസത്തോളം നീണ്ടു നിന്ന ജോലിയായിരുന്നു നീണ്ടൂരിലേത്.
224 ട്രെയിനികളും 91 ജീവനക്കാരും ഉൾപ്പെടുന്ന സേന അഞ്ചു സംഘങ്ങളായാണ് പ്രവർത്തിച്ചത്. അടുത്ത ഘട്ടത്തിൽ കുട്ടനാടൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് സേനയുടെ തീരുമാനമെന്ന് ജില്ലാ നോഡൽ ഓഫീസർ കെ.ബി. വിജയൻ അറിയിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സലീം ഗോപാൽ, ജില്ലാ കോ-ഓർഡിനേറ്റർ കെ ആർ ജീമോൻ, ഹരിത കേരളം കോ-ഓർഡിനേറ്റർ പി.പി രമേശ് തുടങ്ങിയവരാണ് നൈപുണ്യകർമ്മ സേനക്ക് നേതൃത്വം നൽകുന്നത്.