സ്വന്തം ലേഖകന്‍
കോഴിക്കോട്: 2018-ലെ പ്രളയ ദുരിതബാധിതര്‍ക്ക് സഹായധനം വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥര്‍ക്ക് ‘പണി’കിട്ടുമെന്ന് ഉറപ്പായി.
കോഴിക്കോട് താലൂക്കില്‍ വന്‍തട്ടിപ്പ് നടന്നതായി സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ജില്ലാകളക്ടര്‍ നടപടി എടുക്കുമെന്നാണ് സൂചന.
സംഭവിച്ചത് ഗുരുതര അനാസ്ഥയാണെന്നും നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടപടി വേണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.
ഒരു അക്കൗണ്ടിലേക്ക് ഒമ്പതുതവണ തുക കൈമാറിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടും മൂന്നും നാലും തവണ വരെ അടിയന്തര ധനസഹായ തുക ഒരേ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്.
53 ലക്ഷം ഈയിനത്തില്‍ നഷ്ടപ്പെട്ടെന്നും ഇത് തിരിച്ചു പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.
അതേസമയം ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കരുതെന്നും ഇതില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ഉന്നത തല ഗൂഢാലോചന നടന്നെന്നും സംശയിക്കുന്നുണ്ട്.
തത്കാലം ഉദ്യോഗസ്ഥര്ക്കെതിരേ നടപടി എടുത്ത് മുഖം രക്ഷിക്കാനാണ് ശ്രമം എന്നറിയുന്നു.
അടിയന്തര ധനസഹായമായി പ്രളയ ബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ ഒരു കോടി 17 ലക്ഷം രൂപയോളം വിതരണം ചെയ്യാതെ ഇപ്പോഴും സസ്പെന്‍സ് അക്കൗണ്ടില്‍ കിടക്കുകയാണെന്നും ഗുരുതര അനാസ്ഥയിലേക്കാണ് ഈ നടപടി വിരല്‍ ചൂണ്ടുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കോഴിക്കോട് താലൂക്കിലെ ധനസഹായ വിതരണത്തിലെ അപാകതകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
2018-ലെ മഹാപ്രളയത്തില്‍ കോഴിക്കോട് താലൂക്കില്‍ പ്രളയം ബാധിച്ച 20,000-ത്തിലധികം പേര്‍ക്കായി അടിയന്തിര ധനസഹായ തുക 22 കോടി 35 ലക്ഷം രൂപയാണ് ആകെ വിതരണം ചെയ്തത്.
പ്രളയ ധനസഹായം അനധികൃതമായി ബന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയ കളക്ടറേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഉമാകാന്തന്‍ വെട്ടിച്ചതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇയാള്‍ ഇപ്പോഴും സസ്പെന്‍ഷനില്‍ തുടരുകയാണ്.