അന്പലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ധനസമാഹരണത്തിന്റെ മൂന്നാംദിനം അന്പലപ്പുഴ മണ്ഡലത്തിൽ നിന്നും ലഭിച്ചത് 7.64 കോടി. മണ്ഡലത്തിലെ പുറക്കാട്, അന്പലപ്പുഴ തെക്ക്, വടക്ക്, പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളിൽനിന്നും 4.83 കോടി ലഭിച്ചു.
ആലപ്പുഴ നഗരസഭ പരിധിയിൽനിന്നും 2.81 കോടിയും ഒന്നര പവന്റെ സ്വർണവളയും ലഭിച്ചു. ഇന്നലെ രാവിലെ അന്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂളിലും, ഉച്ചകഴിഞ്ഞു ആലപ്പുഴ ഗേൾസ് ഹൈസ്കൂളിലുമായിട്ടായിരുന്നു ധനസമാഹരണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ തുടങ്ങി അനേകം ആളുകളാണ് ധനസമാഹരണത്തിൽ പങ്കാളികളായത്. ധനസമാഹരണം അവധിദിനം ആയിരുന്നിട്ടും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. അന്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് 1.72 കോടിയും, അന്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് 20,47,701രൂപയും, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് 33,54,961 രൂപയും, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 32,33,650 രൂപയും, പുറക്കാട് ഗ്രാമപഞ്ചായത്ത് 27,47,000 രൂപയും ആണ് നൽകിയത്.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഒരുകോടിയും അമേരിക്കൻ മലയാളികൾ 75 ലക്ഷവും ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സബ് കളക്ടർ കൃഷ്ണ തേജയുടെ ഭാര്യാപിതാവും മറ്റ് 71 പേരും ചേർന്ന് നാഷണൽ റിയൽ എസ്റ്റേറ്റ് കൗണ്‍സിൽ ആന്ധ്രാപ്രദേശിൽ നിന്ന് 44 ലക്ഷം രൂപ സംഭാവന നൽകി.
ആലപ്പുഴ ഭീമ നൽകിയ ഒരു കോടി രൂപ ഉടമ ലക്ഷ്മീകാന്തൻ മന്ത്രിക്ക് കൈമാറി. ആലപ്പുഴ നഗരസഭ 50 ലക്ഷം രൂപയും സംഭാവന നൽകി. ഇ.കെ.കെ. കണ്‍സ്ട്രക്ഷൻസ് ഒരു കോടി മന്ത്രിക്ക് കൈമാറി. പാലത്ര കണ്‍സ്ട്രക്ഷൻസ് 25 ലക്ഷവും, ബഗോറ 25 ലക്ഷവും, വാഹിദ് 10 ലക്ഷവും, സൂര്യ കണ്‍സ്ട്രക്ഷൻസ് അഞ്ച് ലക്ഷവും നിധിയിലേക്ക് നല്കി.
തദ്ദേശ സ്ഥാപനങ്ങളെ കൂടാതെ ഈ പ്രദേശങ്ങളിലെ പള്ളി കമ്മിറ്റികൾ, മതസംഘടനകൾ, ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങൾ, വിവിധ സാംസ്കാരിക- സാമൂഹിക സംഘടനകൾ, പ്രവാസി സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, യുവജന സംഘടനകൾ, പൂർവവിദ്യാർഥി സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവയെ പ്രതിനിധീകരിച്ചുള്ളവരും വ്യക്തികളും സംഭാവന നൽകാനായി എത്തിയിരുന്നു.