ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ പഞ്ചായത്തംഗവുമായ കെ.വി. അശോകനും ഭാര്യ അഡ്വ.കെ.ഡി. ഉഷയും മകൻ അമർദത്തും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് സെന്റ് സ്ഥലം നൽകും.
തിരുമംഗലം ശിവക്ഷേത്രത്തിന്റെ പുറകിലെ പറന്പിൽനിന്ന് പത്തുസെന്റ് ഭൂമിയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. ഇന്നലെ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിലാണു കെ.വി.അശോകൻ ഇക്കാര്യം അറിയിച്ചത്. “ഇത്രയും കാലത്തെ ജീവിതത്തിനിടിയിൽ ഇത്രയും വലിയ ദുരന്തം കണ്ടിട്ടില്ല.
പ്രളയദുരിതത്തിൽ 6000 പേരാണ് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാന്പി ലുണ്ടായിരുന്നത്. ഇപ്പോഴും ഏതാനും കുടുംബങ്ങൾ ചേറ്റുവയിലെ സുനാമി ഹാളിലാണ്. ഇതെല്ലാം മനസിനെ വല്ലാതെ നൊന്പരപ്പെടുത്തി’. സിപിഎം നേതാവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് എക് സിക്യൂട്ടീവ് ഓഫീസറുമായ അശോകൻ പറഞ്ഞു.
ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ഭാര്യയും ബാംഗ്ലൂർ ഐടി കന്പനി ഉദ്യോഗസ്ഥനായ മകനും സന്തോഷത്തോടെ പിന്തുണച്ചുവെന്ന് അശോകൻ വൃക്തമാക്കി. ഈ പത്ത് സെന്റിൽ ഫ്ലാറ്റ് സമുച്ചയും പണിത് ദുരിതബാധിതർക്ക് അഭയം നൽകാനാണ് തന്റെ ആഗ്രഹമെന്നും അശോകൻ പറഞ്ഞു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റെടുക്കുമെന്ന് പഞ്ചായത്ത് യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദയ് തോട്ടപ്പിള്ളി വ്യക്തമാക്കി. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടി ഈ ഭൂമി സർക്കാരിൽ നിന്നുതിരിച്ച് വാങ്ങാൻ ശ്രമിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.