കോട്ടയം: പ്രളയദുരിതാശ്വാസമായി അക്കൗണ്ടിൽ വന്ന പതിനായിരം രൂപ ഉടൻ എടുത്തില്ലെങ്കിൽ തിരിച്ചുപിടിക്കുമെന്ന വ്യാജപ്രചാരണത്തിൽ നട്ടം തിരിഞ്ഞു ബാങ്കുകളും ഇടപാടുകാരും. വ്യാജപ്രചാരണത്തിൽ വിശ്വസിച്ചവർ പണമെടുക്കാൻ ബാങ്കുകളിലേക്ക് ഇരച്ചെത്തിയതോടെ പലേടത്തും തിരക്കും ബഹളവുമായി.
എടിഎമ്മുകളുടെ മുന്നിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ഏതാനും ദിവസമായി പ്രളയമേഖലകളിലെ ബാങ്കുകളിൽ തുറക്കുന്നതിനു മുന്പേ ആളുകൾ വന്നു ക്യൂ നിൽക്കുന്ന സ്ഥിതിയാണെന്നു ജീവനക്കാർ പറയുന്നു. ഇതോടെ സാധാരണ ഇടപാടുകൾക്കെത്തുന്നവരും വലഞ്ഞു.അക്കൗണ്ടിൽ സർക്കാർ നിക്ഷേപിച്ച പതിനായിരം രൂപ ഉടൻതന്നെ പിൻവലിച്ചില്ലെങ്കിൽ നഷ്ടമാകുമെന്ന വ്യാജപ്രചാരണമാണു തിരക്കു കൂടാൻ ഇടയാക്കിയതെന്നു ബാങ്ക് അധികൃതർ പറയുന്നു.
സാധാരണക്കാരാണ് ബാങ്കിൽ എത്തുന്നവരിലേറെയും. പല ബാങ്കുകൾക്കു മുന്നിലും രാവിലെ എട്ടു മുതൽ ക്യൂ ആണ്. വൈകുന്നേരം നാലു വരെ മാത്രമേ പണമിടപാട് നടത്താൻ സാധിക്കുകയുള്ളുവെങ്കിലും ജനങ്ങൾ പിരിഞ്ഞുപോകാൻ തയാറാകാത്തതു വാക്കേറ്റത്തിനും ഇടയാക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ പോലീസിനെ വിളിച്ചുവരുത്തിയാണ് ഇടപാടുകാരെ നിയന്ത്രിച്ചത്.
കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രളയമേഖലകളിലെ ബാങ്കുകളിലെല്ലാം ഇതാണ് സ്ഥിതി. കോട്ടയം ജില്ലയിലെ തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര എസ്ബിഐ ബാങ്കുകളിലും രണ്ടു മൂന്നു ദിവസമായി വൻ തിരക്കാണ്. രാവിലെതന്നെ ജനം ഇടിച്ചുനിൽക്കുന്നതിനാൽ ചിലേടങ്ങളിൽ ജീവനക്കാർക്ക് ഉള്ളിലേക്കു കടക്കാനായില്ല. പോലീസ് ബലംപ്രയോഗിച്ചാണു ജീവനക്കാരെ ബാങ്കിനുള്ളിലേക്കു കടത്തിവിടുന്നത്.
വ്യാജപ്രചാരണത്തിന് പിന്നിൽ ജനപ്രതിനിധികളുമെന്ന് ആരോപണം
കോട്ടയം: പ്രളയദുരിതാശ്വാസം ഉടനെ എടുത്തില്ലെങ്കിൽ നഷ്ടപ്പെടുമെന്നു പറഞ്ഞു ജനങ്ങളെ ഇളക്കിവിട്ടത് ജനപ്രതിനിധികളാണെന്ന് ആരോപണം. അക്കൗണ്ടിൽ നിക്ഷേപിച്ച പണം സർക്കാർ പിൻവലിക്കില്ലെന്നും തിടുക്കം കൂട്ടേണ്ട സാഹചര്യമില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞിട്ടും ജനങ്ങൾ അംഗീകരിക്കാത്ത സ്ഥിതിയാണ്.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളുമാണു തങ്ങളോട് പണം ഉടനെ എടുക്കണമെന്നു നിർദേശിച്ചതെന്നാണ് ബാങ്കിൽ പണമെടുക്കാനെത്തിയ പലരും പറഞ്ഞത്. തങ്ങൾകൂടി ഇടപെട്ടാണ് സഹായം അനുവദിപ്പിച്ചതെന്നു ജനങ്ങളെ ബോധിപ്പിക്കാനാണ് പണം വന്നിട്ടുണ്ടെന്നും എത്രയും വേഗം എടുക്കണമെന്നും ജനപ്രതിനിധികൾ നാട്ടുകാരെ ഉപദേശിക്കുന്നതത്രേ.
പ്രളയമേഖലയിലെ ബാങ്കുകളിൽ തിരക്ക് കൂടിയതോടെ തിരക്കുകുറഞ്ഞ ബ്രാഞ്ചുകളിൽനിന്നു ജീവനക്കാരെ താത്കാലികമായി പുനർവിന്യസിപ്പിച്ചാണു പല ബാങ്കുകളും പ്രതിസന്ധിയെ നേരിടുന്നത്. ബാങ്ക് തുറക്കുന്പോൾത്തന്നെ വൻതുക ബാങ്കിലേക്ക് എത്തിക്കേണ്ട സ്ഥിതിയുമുണ്ട്.