കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ നടത്തുന്ന നിർബന്ധിത ശമ്പളപ്പിരിവ് കൊള്ളയാണെന്ന് ഹൈക്കോടതി പരാമർശം. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശന്പളം നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജീവനക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി പരാമർശം.
പ്രളയത്തിന് കൈത്താങ്ങേകാൻ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശന്പളം നൽകി സഹായിക്കാനാണ് മുഖ്യമന്ത്രി പോലും ആഹ്വാനം ചെയ്തത്. നിർബന്ധിത പണപ്പിരിവിന് അദ്ദേഹം അഹ്വാനം നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ നിർബന്ധമായും പണം നൽകണമെന്ന ദേവസ്വം ബോർഡിന്റെ ഉത്തരവ് കൊള്ളയായി കണക്കാക്കണമെന്നാണ് കോടതി പരാമർശിച്ചത്.
കോടതി പരാമർശം വന്നതോടെ തീരുമാനം പുനപരിശോധിക്കാമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. മുൻപ് മലബാർ ദേവസ്വം ബോർഡും സമാനരീതിയിൽ ഒരു മാസത്തെ ശന്പളം നൽകണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.