തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത് 12.80 കോടി രൂപ. രണ്ടു ദിവസമായി ഒന്നുമുതല്‍ 12 വരെ ക്ലാസുകളുള്ള സ്കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക സമ്പൂര്‍ണ പോര്‍ട്ടലില്‍ ബുധനാഴ്ച വൈകുന്നേരം ആറു വരെ രേഖപ്പെടുത്തിയ കണക്കാണിത്.
ആകെ 12862 സ്കൂളുകളാണ് തുക സംഭാവന ചെയ്തത്. ഇതില്‍ എൽപി മുതല്‍ ഹൈസ്കൂള്‍ വരെയുള്ള 10,945 സ്കൂളുകളും, 1705 ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്എസ്, 212 സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളും പങ്കാളികളായി.
ഏറ്റവും കൂടുതല്‍ തുക (10.05 ലക്ഷം) നൽകിയത് കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് വിഎച്ച്എസ്എസ് സ്കൂളും ജില്ല മലപ്പുറവുമാണ് (2.10 കോടി). പല സ്കൂളുകളും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ തുക ഇനിയും കൂടും. പങ്കാളികളായ മുഴുവന്‍ വിദ്യാര്‍ഥികളേയും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു.