തൃശൂർ: ജില്ലയിലെ വിദ്യാലയങ്ങളിൽനിന്ന് ഇന്നലെ മാത്രം ശേഖരിച്ച വിഭവ സമാഹരണം ഒരു കോടി രൂപ കടന്നു. സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിൽ നിന്നും പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമാണ് തുക സമാഹരിച്ചത്.
1300 സ്കൂളുകളിൽനിന്നുള്ള വിഭവ സമാഹരണം ഇന്നും തുടരുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം അറിയിച്ചു. സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള വിഭവ സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പുതുക്കാട് ചെങ്ങാലൂർ സെന്റ് മേരീസ് ഹൈസ്കൂളിൽ നിർവഹിച്ചു.
വിദ്യാർഥികൾ സ്വരൂപിച്ച 10,950 രൂപ മന്ത്രി ഏറ്റുവാങ്ങി. സ്കൂൾ മനേജർ ഫാ. മാത്യു ചാക്കേരി, പ്രധാനാധ്യാപകൻ ബാബു ജോസ് തട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ജെൻസൻ, മേഴ്സി സി. ജോണ്, ജയപ്രകാശ് മാസ്റ്റർ, ഫാ. ജോമോൻ ഇമ്മട്ടി, സജിത്ത് കോമക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ഗവ. എൽപി സ്കൂൾ ചെങ്ങാലൂർ, ചെങ്ങാലൂർ ഓട്ടിസം സ്കൂൾ എന്നിവിടങ്ങളിൽനിന്നും മന്ത്രി പണം ഏറ്റുവാങ്ങി.