വടകര: ചെമ്മരത്തൂർ വെസ്റ്റ് എൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി കെ.അനയ് തന്റെ സന്പാദ്യപെട്ടിയിലെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഇതിനായി തുക പ്രധാനാധ്യാപിക പത്മിനി കുന്നത്തിനു കൈമാറി.
മേമുണ്ട കെട്ടിൽ ഷിജുവിന്റെയും പ്രജിഷയുടെയും മകനാണ് അനയ്. തുക എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം തഹസിൽദാർക്ക് കൈമാറുമെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു.
മേമുണ്ട ഹയർസെക്കന്‍ഡറിയുടെ ഒരു കോടി
വടകര : പ്രളയദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട നാടിന് കൈത്താങ്ങായി മേമുണ്ട ഹയർസെക്കന്ററി സ്കൂളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയോളം രൂപ. അധ്യാപകരും അനധ്യാപകരുമായി 135 ജീവനക്കാർ ഒരു മാസത്തെ ശന്പളം സംഭാവന ചെയ്യാൻ തീരുമാനിച്ചു.
മേമുണ്ട ഹയർസെക്കന്ററിയിലെ കലാവിഭാഗം ഒരുക്കുന്ന ’പാട്ടുവണ്ടി ’ വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പ്രയാണം നടത്തി ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നുണ്ട്. ഇതും പി.ടി.എ യുടെ നേതൃത്വത്തിൽ സ്വരൂപിക്കുന്ന ഫണ്ടും ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകും.
ജല അതോറിറ്റി റിക്രിയേഷൻ ക്ലബ് അര ലക്ഷം നൽകി
വടകര: വാട്ടർ അതോറിറ്റി സ്റ്റാഫ് റിക്ലിയേഷൻ ക്ലബ്ബ് ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ നൽകി. ഓണാഘോഷത്തിനായി ജീവനക്കാരിൽ നിന്ന് സമാഹരിച്ച തുകയാണിത്. എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ.വിനോദൻ വടകര താലൂക്ക് ഓഫീസ് അധികൃതർക്കു തുക കൈമാറി.
ക്ലബ് പ്രസിഡന്റ് പി.പി.ഇസ്മായീൽ, സെക്രട്ടറി ടി.രഞ്ജിത്ത്കുമാർ, പി.ദിനേശൻ, എം.എം അനിൽ, കെ.സന്തോഷ്കുമാർ, പി.പ്രതീഷ്കുമാർ, ആർ.ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.