കോട്ടയം: സ്വകാര്യ ബസുകളിൽ ഇന്ന് ടിക്കറ്റില്ല. പകരം ബക്കറ്റുണ്ട്. ഇന്ന് യാത്രക്കാർ നല്കുന്ന ഓരോ തുകയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ളതാണ്.ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള സംസ്ഥാനത്തെ പതിനായിരത്തോളം ബസുകൾ ഓടുന്നത് ടിക്കറ്റില്ലാതെയാണ്. കോട്ടയം ജില്ലയിൽ എണ്ണൂറിലധികം ബസ് ഇന്ന് കാരുണ്യത്തിനായി ഓടുകയാണ്.
ഇന്ധന ചെലവ് ഒഴിച്ച് മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നല്കുമെന്ന് ഫെഡറേഷൻ സംസ്ഥാന കൗണ്സിൽ അംഗവും കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.എസ്.സുരേഷ് പറഞ്ഞു. കോട്ടയത്ത് ടിക്കറ്റില്ലാ യാത്രയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. പലരും ടിക്കറ്റ് തുകയിലും കൂടുതൽ പണം നല്കുന്നുണ്ട്. വിദ്യാർഥികളും ഇക്കാര്യത്തിൽ നല്ല സഹകരണമാണ് പ്രകടിപ്പിക്കുന്നത്.
കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ 30ന് ഒരു ദിവസത്തെ വരുമാനം 25 ലക്ഷം രൂപ ലഭിച്ചിരുന്നു. അതുപോലെ വടകര താലൂക്കിൽ കഴിഞ്ഞ 22-ാം തീയതിയിലെ കളക്ഷൻ 17 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റി വച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ഇന്നത്തെ വരുമാനം താലൂക്ക് തലത്തിൽ സംഭരിച്ച് ഫെഡറേഷന്റെ ജില്ലാ ഓഫീസുകളിൽ എത്തിക്കും.
ജില്ലാ ഓഫീസിൽ ലഭിക്കുന്ന തുകയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡിഡി എടുത്ത് സംസ്ഥാന കമ്മിറ്റിയെ ഏൽപ്പിക്കും. ഇങ്ങനെ വിവിധ ജില്ലകളിൽ നിന്നു വരുന്ന ഡിഡി അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിക്ക് നേരിട്ട് നല്കാനാണ് തീരുമാനം.
ചില സ്ഥലങ്ങളിൽ ബക്കറ്റ് പരിവിൽ ഭിന്നാഭിപ്രായമുണ്ട്. അവിടങ്ങളിൽ ടിക്കറ്റ് ഉപയോഗിക്കാനാണ് നിർദേശം. തുക സമാഹരിക്കൽ ഏതു രീതിയിൽ വേണമെന്ന് ബസ് ഉടമയ്ക്കും ജീവനക്കാർക്കും തീരുമാനിക്കാം. ടിക്കറ്റാണ് ഉപയോഗിക്കുന്നതെങ്കിൽ യാത്രക്കാരൻ പറയുന്ന തുകയ്ക്ക് ടിക്കറ്റ് നല്കും. എന്നാൽ ഭൂരിഭാഗം ബസുകളിലും ബക്കറ്റിലാണ് തുക ശേഖരിക്കുന്നത്.
കോട്ടയം ജില്ലയിൽ ബസ് ജീവനക്കാരിൽ ഭൂരിഭാഗവും ഇന്നത്തെ ശന്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സുരേഷ് വ്യക്തമാക്കി. കോട്ടയത്ത് സ്റ്റാൻഡ് പിരിവും ഇന്ന് ഇല്ല.