കോട്ടയം: പ്രളയദുരിതത്തിൽ അകപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടാത്തവർ ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നു. 29നകം എല്ലാവർക്കും വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപനം വന്നതോടെ ഇനി കിട്ടാത്തവരുടെ അപേക്ഷ സ്വീകരിക്കാനും നിവൃത്തിയില്ലെന്നാണ് റവന്യു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.
പുതിയ അപേക്ഷ സ്വീകരിക്കണമെങ്കിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നും പറയുന്നു. ഇതോടെ പതിനായിരം എന്നത് അടഞ്ഞ അധ്യായമാകുമോ എന്നതാണ് ആശങ്ക. ധനസഹായ വിതരണം ആകെ കുഴഞ്ഞു മറിഞ്ഞു. ഒരു തുള്ളി വെള്ളം പോലും വീട്ടിൽ കയറാത്തവർക്ക് വരെ ധനസഹായം ലഭിക്കുന്പോഴാണ് വെള്ളംകയറിയ വീട്ടുകാർക്ക് സഹായം നല്കാത്തത്.
അപേക്ഷ നൽകലും തരം തിരിക്കലും വിതരണത്തിലുമെല്ലാം ഉണ്ടായ പാളിച്ചയാണ് യഥാർഥ ദുരിതമനുഭവിച്ചവർക്ക് സഹായം ലഭിക്കാത്തതിന് കാരണം. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞവരിൽ പോലും ധനസഹായം കിട്ടാത്തവരുണ്ട്.
ക്യാന്പിൽ കഴിഞ്ഞവർ പ്രത്യേകമായി റേഷൻകാർഡ്, ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി അതത് വില്ലേജ് ഓഫീസുകളിൽ എത്തിച്ചു. ഇതിനു പുറമെ ബിഎൽഒമാരുടെ അന്വേഷണ റിപ്പോർട്ടും അപേക്ഷയും വേറെ. ബിഎൽഒമാരാണ് അനർഹർക്ക് ധനഗഹായം നല്കുന്നതിന് റിപ്പോർട്ട് നല്കിയത്. ഇതാണ് ചില സ്ഥലങ്ങളിൽ പാളിച്ചയുണ്ടായതെന്നും പറയുന്നു.
ഇതിലും രസകരമായ സംഭവം ധനസഹായം ലഭിച്ചവരുടെ അപേക്ഷ വീണ്ടും പരിഗണിക്കാനായി കിട്ടാത്തവരുടെ ലിസ്റ്റിൽപ്പെടുത്തി വില്ലേജ് ഓഫീസുകളിലേക്ക് തിരിച്ചയച്ചു എന്നതാണ്. ഓരോ വില്ലേജ് ഓഫീസുകളിലേക്കും അഞ്ഞൂറും ആയിരവും അപേക്ഷകളാണ് ഇങ്ങനെ തിരിച്ചയച്ചത്.
വില്ലേജ് ഓഫീസിൽ നിന്നുള്ള അന്വേഷണത്തിലാണ് ഇതിൽ 30 ശതമാനം പേർക്ക് സഹായധനം കിട്ടിയതാണെന്ന് വ്യക്തമായത്. കൃത്യവും സുതാര്യവുമായ രീതിയിൽ ധനസഹായ വിതരണം നടത്തുന്നുവെന്നു പറയുന്പോഴാണ് ഇത്തരത്തിലുള്ള വീഴ്ചകളുണ്ടാകുന്നത്.