കോട്ടയം: വെള്ളപ്പൊക്ക ദുരിതാശ്വാസമായി സർക്കാർ പ്രഖാപിച്ച പതിനായിരത്തിനായി ആയിരങ്ങളുടെ കാത്തിരിപ്പു നീളുന്നു. സഹായ വിതരണം തുടങ്ങിയിട്ട് ഒരു മാസമാകാറായി. എന്നിട്ടും സഹായധനം അക്കൗണ്ടിൽ എത്താത്തവരുടെ എണ്ണം ആയിരങ്ങളാണ്. ഒരാഴ്ചക്കകം എല്ലാവർക്കും ധനസഹായം എത്തിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും വിതരണം കഴിഞ്ഞിട്ടില്ല.
ബിഎൽഒമാരുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം ജില്ലയിൽ 65000 പേർ സഹായ ധനത്തിന് അർഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 56300 പേർക്ക് ഇതുവരെ തുക നല്കി. 5000ത്തോളം പേരുടെ അപേക്ഷയിൽ വീണ്ടും അന്വേഷണം നടത്താനായി വില്ലേജ് ഓഫീസുകളിലേക്ക് നല്കിയിരിക്കുകയാണ്.
അതേ സമയം രണ്ടുദിവസം വെള്ളം കയറിക്കിടന്ന എല്ലാ വീട്ടുകാർക്കും പതിനായിരം നല്കുമെന്നു പറയുന്പോഴും പലരും തഴയപ്പെടുമോ എന്ന ആശങ്കയിലാണ്. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞവർക്കാണ് ആദ്യം തുക വിതരണം ചെയ്യുന്നതെന്നായിരുന്നു റവന്യു വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ക്യാന്പിൽ കഴിഞ്ഞവരിൽ നൂറുകണക്കിന് ആളുകൾക്ക് ഇപ്പോഴും പതിനായിരം ലഭിച്ചില്ലെന്ന പരാതി ഉയരുന്നുണ്ട്.
ചില കാര്യങ്ങളിൽ റവന്യു ഉദ്യോഗസ്ഥർക്കു പോലും വ്യക്തതയില്ല എന്നതാണ് മറ്റൊരു വിഷയം. ഇതിൽ പ്രധാനം ഒരേ റേഷൻ കാർഡ് രണ്ടു കുടുംബങ്ങൾ നല്കുന്നതാണ്. അതായത് കുടുംബത്തിൽ നിന്ന് മാറി താമസിക്കുന്നയാൾക്ക് റേഷൻ കാർഡ് ഇല്ലെങ്കിൽ കുടുബത്തിലെ റേഷൻ കാർഡിന്റെ കോപ്പിയാണ് സഹായ ധനത്തിനായി നല്കുന്നത്.
കുടുംബ വീട്ടുകാരും മാറി താമസിക്കുന്നയാളും ഒരേ റേഷൻ കാർഡിന്റെ കോപ്പി നല്കിയിട്ടുണ്ടെങ്കിൽ ഒരാൾക്ക് മാത്രമേ സഹായ ധനം ആദ്യ ഘട്ടത്തിൽ ലഭിക്കു എന്നാണ് ഒരു വിഭാഗം ഉദ്യോസ്ഥർ പറയുന്നത്. കിട്ടാത്തവർ പിന്നീട് തസഹിൽദാർക്ക് അപേക്ഷ നല്കണമെന്നും അർഹരാണെന്നു കണ്ടെത്തിയാൽ മാറി താമസിക്കുന്നയാൾക്കും തുക ലഭിക്കുമെന്നുമാണ് ഇക്കാര്യത്തിൽ ഒരു വിഭാഗം റവന്യു ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ ചില ഉദ്യോഗസ്ഥർ പറയുന്നത് ഇക്കാര്യത്തിൽ ഒരു പരാതിയും നല്കേണ്ടതില്ലെന്നും മാറി താമസിക്കുന്നയാൾക്കും സഹായധനം ലഭിക്കും എന്നാണ്. സഹായം ലഭിക്കാത്തവരിൽ അധികവും രണ്ടു കുടുംബം ഒരു റേഷൻ കാർഡിന്റെ കോപ്പി നല്കിയവരാണ്. ഇത് രണ്ടു കുടുംബമാണെന്നു മനസിലാക്കി അവർക്ക് തുക നല്കാനുള്ള നിർദേശം നല്കിയാൽ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടും.
ഇക്കാര്യത്തിൽ വ്യക്തത വരുത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചാലേ പ്രശ്നം പരിഹരിക്കപ്പെടു. എന്നാൽ അതിനും കാലതാമസം നേരിടുകയാണ്. പതിനായിരത്തിന് അർഹാരയവരുടെ കൃത്യമായ കണക്കും റവന്യു വകുപ്പിന്റെ കൈവശമില്ല. എന്നാൽ ആവശ്യത്തിനുള്ള ഫണ്ട് ഉണ്ട് എന്നതാണ് ആകെയൊരു ആശ്വാസം.