ഏറ്റുമാനൂർ: ഏറ്റുമാനൂർ പേരൂർ കവലയിൽ ഇന്നലെ വൈകിട്ടു രൂപപ്പെട്ട വൻ വെള്ളക്കെട്ട് ജനത്തെ വലച്ചു. മണിക്കൂറുകളോളം നഗരം നിശ്ചലമായി.
മഴക്കാലത്തിനു മുന്നോടിയായി ഓടകൾ വൃത്തിയാക്കാൻ നഗരസഭയോ പൊതുമരാമത്ത് വകുപ്പോ നടപടി സ്വീകരിക്കാതിരുന്നതാണ് വെള്ളക്കെട്ടിനു കാരണമായതെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിച്ചു.
അതിരമ്പുഴ റോഡിൽ കച്ചേരിക്കുന്നു മുതൽ ഒഴുകിയെത്തുന്ന വെള്ളമാണ് പേരൂർ കവലയിൽ നിറയുന്നത്. മത്സ്യ മാർക്കറ്റിലെ മലിനജലവും ഒഴുകിയെത്തുന്നത് ഇവിടേക്കാണ്.
കാല്പാദം മൂടുന്ന മലിനജലത്തിൽ ചവിട്ടാതെ നടക്കാൻ വയ്യാത്ത ഗതികേടിലായി കാൽനട യാത്രക്കാർ.
വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടിയതോടെ ഗതാഗതസ്തംഭനമുണ്ടായി.
വാഹനങ്ങൾ പോകുമ്പോൾ വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം അടിച്ചുകയറിയത് വ്യാപാരികളെയും ബുദ്ധിമുട്ടിച്ചു.
ഇന്നലെ വൈകുന്നേരമുണ്ടായ കനത്ത മഴയിൽ പാലാ-ഏറ്റുമാനൂർ റോഡിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
കട്ടച്ചിറ മേരിമൗണ്ട് സ്കൂളിനു മുൻവശം മുതൽ മൂന്നിടങ്ങളിലാണു കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതേത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടിയതോടെയാണ് ഗതാഗതക്കുരുക്കുണ്ടായത്.