സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്ത് പ്രളയദുരന്തത്തിനിടെ കഐസ്ആർടിസി നടത്തിയ സേവനപ്രവർത്തനങ്ങൾക്ക് പ്രതിഫലമായി 6.76 കോടി രൂപ ആവശ്യപ്പെട്ട് കോർപറേഷൻ സർക്കാരിന് കത്ത് നൽകി. ഈ തുക റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ നിന്നും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് (റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്) വിശദമായ കത്ത് നൽകിയിരിക്കുന്നത്.
വിവിധ ജില്ലകളിൽ കഐസ്ആർടിസി ഡിപ്പോകൾക്കുണ്ടായ നാശനഷ്ടം വിലയിരുത്തി അതാത് ജില്ലകളിലെ കളക്ടർമാർക്ക് കണക്കു സമർപ്പിക്കാൻ യൂണിറ്റ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് 127 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നതെന്നും കോർപറേഷൻ പറയുന്നു.
കട്ടപ്പന ഡിപ്പോ ഉരുൾപൊട്ടലിലും മലവെള്ളത്തിലും ഒലിച്ചുപോവുകയും ആറ് ഡിപ്പോകൾ പൂർണമായും പതിനാറ് ഡിപ്പോകൾ ഭാഗികമായും വെള്ളത്തിനടിയിലാവുകയും ചെയ്തുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. നിരവധി ജീവനക്കാരുടെ വീടുകൾ വെള്ളത്തിലായി. കുടുംബങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്പോഴും കഐസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിക്കുകയായിരുന്നുവെന്ന് കോർപറേഷന്റെ വെബ്സൈറ്റിൽ പറയുന്നു.
പ്രളയകാലത്ത് കഐസ്ആർടിസി നടത്തിയ പ്രവർത്തനങ്ങളെ വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം ആരംഭിച്ച അന്നുമുതൽ 210 ബസുകളും അതിന്റെ ഇരട്ടി ജീവനക്കാരേയും രക്ഷാപ്രവർത്തനത്തിനായി പൂർണമായും വിവിധ ജില്ല കളക്ടർമാരുടെയും റവന്യൂ അധികാരികളുടേയും അധികാരത്തിൽ വിട്ടുനൽകിയിരുന്നു. ജില്ലാ കളക്ടർമാരുടേയും ഡിസാസ്റ്റർ മാനേജ്മെന്റിന്േറയും ആവശ്യപ്രകാരം വാഹനങ്ങൾ ആവശ്യാനുസരണം വിട്ടുനൽകിയിരുന്നുവെന്നും അധികൃതർ പറഞ്ഞു.
ദുരിതാശ്വാസ ക്യാന്പുകളിലേക്കായി വിവിധ വ്യക്തികളും സന്നദ്ധ സംഘടനകളും സംഭരിച്ച സാധനസാമഗ്രികൾ കോർപറേഷൻ ബസുകളിൽ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ട സൈനികർ, അർധസേനാ വിഭാഗം, പോലീസ്, മെഡിക്കൽ വിഭാഗം, മറ്റു ദുരിതാശ്വാസ പ്രവർത്തകർ എന്നിവരെ ദുരിതാശ്വസ മേഖലകളിൽ എത്തിക്കുന്നതിന് ആവശ്യാനുസരണം ബസുകൾ വിട്ടുനൽകി.
കേരളം പ്രളയത്തിൽ മുങ്ങിനിൽക്കുന്പോൾ വാഹനഗതാഗതം നടത്താൻ കഴിയുമായിരുന്ന എല്ലാ സ്ഥലങ്ങളിലേക്കും ലാഭനഷ്ടം നോക്കാതെ സർവീസ് നടത്തിയെന്നും കഐസ്ആർടിസി വിശദീകരിക്കുന്നു. ഏറ്റവും കൂടിയ വെള്ളപ്പൊക്ക സമയത്തും 5300 ഷെഡ്യൂളുകളിൽ 2600ഉം ഓപ്പറേറ്റ് ചെയ്തു. ഓഫീസർമാരും സൂപ്പർവൈസർമാരും ജീവനക്കാരും നേരിട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
സർവീസ് നടത്തുന്നതിനിടെ വെള്ളം കയറി 150 ബസുകൾ നിന്നുപോയി. ഈ ബസുകളിലെ യാത്രക്കാരെ സുരക്ഷിതമായി അടുത്ത ക്യാന്പുകളിൽ എത്തിച്ച ശേഷം ജീവനക്കാർ ബസുകൾക്ക് കാവലിരുന്ന സംഭവങ്ങളും ഉണ്ടായി. ഒറ്റ ജീവനക്കാരൻ പോലും സ്വയരക്ഷ നോക്കി രക്ഷപ്പെടാൻ ശ്രമിച്ചില്ല.ഹെലികോപ്റ്ററുകളിലും ബോട്ടിലും രക്ഷിച്ചെത്തുന്നവരെ ക്യാന്പുകളിലേക്ക് എത്തിച്ചത് കോർപറേഷന്റെ ബസുകളിലാണ്.
രക്ഷാബോട്ടുകളിലെ സുരക്ഷാ ഉപകരണങ്ങൾക്ക് കാറ്റുനിറച്ചു നൽകിയും ബാരലുകൾ കൂട്ടിക്കെട്ടി തൽക്കാലിക വഞ്ചികളാക്കിയും ഓയിൽ ബാരലുകൾ നൽകിയും ബോട്ടുകൾ ഇറക്കാൻ ടയറും ട്യൂബും നൽകിയും കഐസ്ആർടിസി രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിലുണ്ടായിരുന്നതായി കോർപറേഷൻ വിശദീകരിക്കുന്നു. സുരക്ഷാ വിഭാഗങ്ങളുടെ വാഹനങ്ങൾ റിപ്പയർ ചെയ്തു നൽകുന്നതിനും കോർപറേഷൻ മുൻകൈയെടുത്തു.
അപകടമേഖലകളിൽ എത്താൻ ബസുകൾക്ക് ഡീസൽ എത്തിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റു കഐസ്ആർടിസി വാഹനങ്ങളിൽ നിന്നും ഡീസൽ ചോർത്തി ബസുകൾ ഓടിച്ചു.യൂണിറ്റിൽ ഒരു തരത്തിലും എത്താൻ കഴിയാത്ത ജീവനക്കാർ സർക്കാർ വാഹനങ്ങളും ട്രക്കുകളും ഓടിക്കുന്നതിന് സ്വയം മുന്നിട്ടിറങ്ങി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
പ്രളയകാലത്ത് കഐസ്ആർടിസിയുടെ സഹായസേവനങ്ങൾ ഏതെങ്കിലും ഒരു തരത്തിൽ ലഭിക്കാത്ത ഒരു പൗരനും കേരളത്തിലുണ്ടാവില്ലെന്നും, ഈ സ്ഥാപനം ജനങ്ങളുടേതാണെന്നും കേരളത്തിന്റെ ജീവനാഡിയാണെന്നുമുള്ള ബോധമാണ് കോർപറേഷനിലെ ജീവനക്കാരെ നയിക്കുന്നതെന്നും വെബ്സൈറ്റിൽ നൽകിയ കുറിപ്പിൽ കഐസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ടോമിൻ തച്ചങ്കരി പറയുന്നു.