തൃശൂർ: 2018ലെ പ്രളയത്തിൽ വീട് നഷ്ടമായവര്‍ക്ക് വീട് വയ്ക്കുന്നതിനുവേണ്ടി സർക്കാരിന് നൽകിയ ഭൂമി കാടുപിടിച്ചു. തൃശൂർ ദേശമംഗലത്തെ ടൈപ്പ്റൈറ്റിംഗ് അധ്യാപിക ചന്ദ്രമതി തന്റെ 12 സെന്റ് സ്ഥലമാണ് സർക്കാരിന് നൽകിയത്. എന്നാൽ അധികൃതരുടെ അനാസ്ഥയിൽ ഇന്നത് ഉപയോഗശൂന്യമായി കിടക്കുകയാണ്.
2018 ആഗസ്റ്റിലുണ്ടായ ഉരുൾപൊട്ടലിൽ ദേശമംഗം പഞ്ചായത്തിൽ 35 കുടുംബങ്ങളാണ് എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിലായത്. അവർക്കൊരു സഹായമാകുമെന്ന് കരുതിയാണ് ചന്ദ്രമതി തന്റെ പുരയിടത്തോട് ചേർന്നുള്ള 12 സെന്റ് സ്ഥലം സർക്കാരിന് നല്കാൻ തയാറായത്.
എന്നാൽ സ്ഥലം കൈമാറി ആറ് വർഷം പിന്നിട്ടിട്ടും ഇതുവരെ ഇവിടെ ഒരു വീട് പോലും നിർമിച്ച് നൽകിയിട്ടില്ല. മാത്രമല്ല, ഉപയോഗശൂന്യമായി കിടക്കുന്നതിനാൽ കാടുമൂടിക്കിടക്കുകയാണ് അവിടം. പന്നിയും പാമ്പുമടക്കമുള്ളവയുടെ ആവാസകേന്ദ്രമായി മാറുകയും ചെയ്തു.