ഹരിപ്പാട്: മഹാപ്രളയത്തെ അതിജീവിച്ച ജനതയ്ക്ക് വീണ്ടും പ്രഹരമേൽപ്പിച്ച് സർക്കാർ. മഹാപ്രളയത്തിൽ എല്ലാം നഷ്ടമായ ജനതയ്ക്ക് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് പലിശ രഹിതമായി ഒരുലക്ഷം രൂപ കുടുംബശ്രീകളിൽ അംഗമായവർക്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
ആഴ്ചകളോളം വെള്ളത്തിൽ കിടന്നു നശിച്ച വീട്ടുപകരണങ്ങൾക്ക് പകരം പുതിയവ വാങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു പ്രളയബാധിതർ.പ്രളയത്തിൽ നഷ്ടമായ ഉപകരണങ്ങൾക്ക് കണക്കില്ല. വായ്പ തിരിച്ചടയ്ക്കണമെങ്കിലും പലിശ നൽകേണ്ടതില്ലല്ലോ എന്നായിരുന്നു ഓരോരുത്തരുടേയും ആശ്വാസം.
പ്രഖ്യാപനമനുസരിച്ച് കുടുംബശ്രീകൾ വഴി വായ്പയ്ക്കാവശ്യമായ രേഖകൾ തയാറാക്കി. എന്നാൽ എഡിഎസ് വഴി കിട്ടിയ നിർദേശങ്ങൾ നിരാശാജനകമായിരുന്നു. വായ്പ തുകയ്ക്ക് ഒന്പതര ശതമാനം പലിശയടക്കണം. ഗൃഹോപകരണ ശാലയിലേക്ക് ചെക്കേ ലഭിക്കൂ.
സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ആ തുക പിടിച്ചതിന് ശേഷമുള്ള തുകയേ ലഭിക്കു. ഇതിന് പുറമെ വാങ്ങുന്ന വീട്ടുപകരണങ്ങൾക്ക് അഞ്ചുമുതൽ 28 ശതമാനം വരെ ജിഎസ്ടിയും അടയ്ക്കണം. കുടുംബശ്രീ അംഗങ്ങളിൽ അധിക പേർക്കും അക്കൗണ്ടുകൾ സഹകരണ ബാങ്കുകളിൽ ആണെന്നിരിക്കെ ഒരു ലക്ഷം രൂപ നൽകുമെന്ന പ്രഖ്യാപനം പ്രഹസനമായിരിക്കുകയാണെന്ന് കുടുംബശ്രീ അംഗങ്ങൾ വ്യക്തമാക്കുന്നു.
തുക ലഭിച്ചാൽ മിക്ക കുടുംബങ്ങൾക്കും അത്യാവശ്യ വീട്ടുപകരണങ്ങൾ വാങ്ങുന്നതിനു പുറമെ വീടിന്റെ അത്യാവശ്യ അറ്റകുറ്റപണികൾ നടത്തുന്നതിനോ ജീവിതോപാധികൾ കണ്ടെത്തുന്നതിനോ കഴിയുമായിരുന്നു. പ്രളയത്തേക്കാൾ കടുത്ത ദുരിതമാണ് പ്രളയബാധിതരായ ജനങ്ങൾക്ക് അനുഭവപ്പെട്ടിരിക്കുന്നതെന്നും പരക്കെ ആക്ഷേപം ഉയരുന്നു.