മലയാളികള്‍ ഒരുകാലത്തും മറക്കാത്ത തരത്തിലുള്ള പ്രളയമാണ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്നത്. മഹാപ്രളയത്തിനിടയില്‍ ജീവന് നഷ്ടപ്പെട്ടവരും ജീവിതം വഴിമുട്ടിയവരുമൊക്കെ ധാരാളമുണ്ട്. എന്നാല്‍ പ്രളയം ജീവിതത്തില്‍ വഴിത്തിരിവായ രണ്ടു പേരുടെ കാര്യമാണ് ഇപ്പോള്‍ പറയുന്നത്. പ്രളയത്തിനിടയില്‍ മൊട്ടിട്ട പ്രണയം വിവാഹത്തിലെത്തിയിരിക്കുകയാണ് രാവണീശ്വരം മാക്കിയിലെ കെ. ബിനുവിന്റെയും (33) മാവേലിക്കര കഴക്കരയിലെ ദീപ്തിയുടെയും (25) കാര്യത്തില്‍. ബിനുവിന്റെയും ദീപ്തിയുടെയും ജീവിതത്തില്‍ പ്രളയം ഇടപെട്ടതിങ്ങനെയാണ്…
പ്രളയത്തിനുശേഷം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായാണ് പെരിയയിലെ ഗണേശ് ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനത്തിലെ സൗണ്ട് എന്‍ജിനീയര്‍ ബിനു ഉള്‍പ്പെട്ട കനല് പാട്ടുകൂട്ടം വാട്സാപ്പ് കൂട്ടായ്മ പ്രവര്‍ത്തകര്‍ മാവേലിക്കരയിലെത്തിയത്. കൂട്ടായ്മയില്‍ അംഗമായ മാവേലിക്കര തഴക്കരയിലെ ദീപ്തിയുടെ വീട്ടിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ പോയി. ദീപ്തിയുടെ വീട്ടുകാരുമായി സൗഹൃദം പങ്കുവെക്കുന്നതിനിടിയല്‍ ബിനുവിന്റെ കുടുംബകാര്യവും ചര്‍ച്ചയായി.
മുപ്പത് കഴിഞ്ഞിട്ടും കല്യാണമായില്ലേ എന്ന ചോദ്യത്തിന് മുന്നില്‍ ആദ്യമൊന്ന് ചൂളിയെങ്കിലും ബിനുവിന്റെ കൃത്യമായ മറുപടി പിന്നാലെ വന്നു. ‘കാസര്‍കോട് പെണ്ണ് കിട്ടാന്‍ വളരെ കഷ്ടാണ്… ആര്‍ക്കും തൊഴിലാളികളെ വേണ്ട… എല്ലാ പെണ്‍കുട്ടികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ മതി… അതുമല്ലെങ്കില്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകുന്ന ചെക്കന്‍ന്മാരെ…ഇതിലൊന്നും പെടാത്തവരുടെ കാര്യം കഷ്ടമാണ്…’
ഇതോടെ ബിനുവിന്റെ കാര്യം കൂട്ടായ്മയില്‍ ചര്‍ച്ചയായി. ഇതൊക്കെ കേട്ട് ദീപ്തിയും കൂട്ടത്തിലുണ്ടായിരുന്നു. ഇതിനിടെ ബിനു ദീപ്തിയോട് തന്റെ പ്രണയം അറിയിച്ചു. പിന്നീട് ദീപ്തിയുടെ അച്ഛനും അമ്മയും അടുത്ത ദിവസം കാസര്‍ഗോഡ് വരുന്നുണ്ടെന്നും വീടും ചുറ്റുപാടും കാണണമെന്നും അറിയിച്ചപ്പോള്‍ ബിനു ശരിക്കും ഞെട്ടി. പിന്നീട് കാര്യങ്ങളെല്ലാം ശുഭമായി. അടുത്തയാഴ്ച വിവാഹത്തോടുകൂടി പ്രളയം സമ്മാനിച്ച ജീവിതത്തിലേയ്ക്ക് ഇരുവരും പ്രവേശിക്കും. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ് ദീപ്തി.