വൈപ്പിൻ: തിരികെ വരുന്നെന്ന വാർത്ത കേൾക്കാനായി ഓച്ചന്തുരുത്ത് മറ്റപ്പിള്ളി വീട്ടിലെ കുടുസുമുറിയിൽ വിതുന്പുന്ന ചുണ്ടുകളോടെ ഉൗണും ഉറക്കവും ഉപേക്ഷിച്ച് കഴിഞ്ഞ 21 ദിനരാത്രങ്ങളായി മകനെ കാത്തിരിക്കുകയാണ് സതി . പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനായി വഞ്ചിയിൽ പോകവെ കായലിൽ വഞ്ചി മുങ്ങി കാണാതായ മകൻ മിഥുൻകുമാർ (23) തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് ആ പെറ്റമ്മക്ക് ഇപ്പോഴും.
കണ്ണീർ തോരാതെയുള്ള ഈ കാത്തിരിപ്പിനിടയിൽ നിരവധി ആളുകൾ ദിനംപ്രതിയെന്നോണം സതിയെ ആശ്വസിപ്പിക്കാൻ എത്തുന്നുണ്ട്. ഇവരോടെല്ലാം മകനെ കണ്ടത്താൻ സഹായിക്കണമേയെന്ന് കെഞ്ചി കൂപ്പുകൈയോടെ വിലപിക്കുകയാണ് ഈ അമ്മ. പ്രളയത്തിൽ തങ്ങളുടെ ഉറ്റവരും ഉടയവരും മരണക്കയങ്ങളിലേക്ക് മുങ്ങിത്താഴ്ന്നത് കണ്ട് മാറത്തടിച്ച് വിലപിച്ച കേരളത്തിലെ മൊത്തം അമ്മമാരുടെ വിലാപത്തിനിടയിൽ സതിയുടെ വിലാപം ആരും കേൾക്കാതെ പോയത്രേ.
എന്നാൽ ഇവിടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് കായൽകയത്തിൽ മുങ്ങിത്താഴ്ന്നതെന്ന സത്യം ബന്ധുക്കൾക്കും നാട്ടുകാർക്കും മാത്രം അറിയാം. പ്രളയം കൊടുന്പിരിക്കൊണ്ട 17നു ഉച്ചയോടെ ഓച്ചന്തുരുത്ത് അത്തോച്ചിക്കടവ് ഭാഗത്തായിരുന്നു അപകടം.
ഒപ്പമുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടെങ്കിലും മിഥുൻ കുത്തൊഴുക്കിൽപെട്ട് കായലിന്റെ അഗാധതയിലേക്ക് മുങ്ങിത്താഴ്ന്ന് പോയി.നാട്ടുകാരും ഫയർഫോഴ്സും എല്ലാം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. യുവമോർച്ചയുടെ എളങ്കുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായ മിഥുന്റെ വീട്ടിൽ വ്യാഴാഴ്ച ഒ. രാജഗോപാൽ എം.എൽ.എ. സന്ദർശിച്ചു.
കുടുംബത്തിന് ആശ്വാസകരമാകാവുന്ന എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരുമെന്നും രാജഗോപാൽ ഉറപ്പ് നൽകി. ബിജെപി നേതാക്കളായ എൻ. കെ. മോഹൻദാസ്, കെ. എസ്. ഷൈജു, വി. വി. അനിൽ, എൻ. എം. രവി, സി. കെ. പുരുഷോത്തമൻ, സി. ജി. രാധാകൃഷ്ണൻ, സുശീൽ ചെറുപുള്ളി എന്നിവരും ഒപ്പമുണ്ടായിരുന്നു.