പത്തനംതിട്ട: 2018ലെ മഹാപ്രളയത്തിൽ സകലതും നഷ്ടപ്പെട്ട കുടുംബങ്ങൾക്കു നൽകിയ ദുരിതാശ്വാസ തുക തിരികെപ്പിടിക്കാനുള്ള നടപടികളുമായി റവന്യുവകുപ്പ്. പലർക്കും നൽകിയത് അധികതത്തുകയാണെന്നും ഇത് ഏഴുദിവസത്തിനകം മടക്കി നൽകിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസ്. കോഴഞ്ചേരി താലൂക്ക് ഓഫീസിൽ നിന്നുള്ള നോട്ടീസുമായി അധികൃതരെ സമീപിച്ചവർക്ക് ഏഴുദിവസം കൂടി സാവകാശം അനുവദിച്ചു.
എന്തായാലും തുക തിരികെ നൽകണമെന്ന് അധികൃതർ പറഞ്ഞപ്പോൾ നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. വീടുകളുടെ അറ്റകുറ്റപ്പണികൾക്കടക്കം നൽകിയ തുകയാണ് തിരികെ പിടിക്കുന്നത്. ഈ തുക വിനിയോഗിച്ച് പലരും വീടുപണികളും മറ്റും നടത്തി. 2018 ഓഗസ്റ്റിലെ മഹാപ്രളയത്തിൽ വെള്ളം കയറി ഏറെ നാശനഷ്ടമുണ്ടായ കോഴഞ്ചേരി, അയിരൂർ വില്ലേജ് നിവാസികൾക്കാണ് നോട്ടീസ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വീടുകൾക്കുണ്ടായ നാശനഷ്ടത്തിന് സർക്കാർ സഹായം അനുവദിക്കുന്നതായി അറിഞ്ഞ് അപേക്ഷ നൽകിയ കുടുംബങ്ങളാണ് ഏറെയും. ഇവരുടെ അപേക്ഷ സ്വീകരിച്ച് റവന്യു വകുപ്പ് അധികൃതർ സ്ഥലപരിശോധന നടത്തി നാശനഷ്ടം വിലയിരുത്തി അനുവദിച്ച തുകയിൽ നിന്നാണ് ഇപ്പോൾ തിരികെപ്പിടിക്കാനൊരുങ്ങുന്നത്.
ഏറെയും നിർധന കുടുംബങ്ങളാണ് ഇത്തരത്തിൽ പ്രതിസന്ധിയിലായിരിക്കുന്നത്. ദിവസങ്ങളോളം വെള്ളം കെട്ടിക്കിടന്നതു കാരണം ഏറെ വീടുകൾക്കും വൻ നാശനഷ്ടമുണ്ടായതാണ്. ഭിത്തി ഉൾപ്പെടെ വിള്ളൽ വീഴുകയും മേൽക്കൂരയ്ക്കടക്കം തകരാറുണ്ടായവയുമാണ്. വീടുകളിലെ ഫർണിച്ചറുകൾ അടക്കം നഷ്ടപ്പെട്ടു. അപ്രതീക്ഷിതമായ പ്രളയം കാരണം ഉടുതുണി മാത്രമായി വീടു വിട്ടിറങ്ങി മടങ്ങിവന്നവരാണ് ഇവരിലേറെ പേരും.
സർക്കാർ നൽകിയ 10,000 രൂപ ധനസഹായത്തോടൊപ്പമാണ് വീടുകൾക്കുണ്ടായ നഷ്ടത്തിന് പണം ലഭിച്ചത്. വീടുകളുടെ നാശനഷ്ടത്തിന്റെ തോത് കണക്കാക്കിയാണ് പണം അനുവദിച്ചതെന്നു പറയുന്നു. എന്നാൽ കണക്കെടുപ്പിലുണ്ടായ ചില പിഴവ് കാരണമാണ് പലരിൽ നിന്നും തുക തിരികെ പിടിക്കേണ്ടിവരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് അനുവദിച്ച ലക്ഷക്കണക്കിനു രൂപ വിനിയോഗമില്ലാതെ കിടക്കുന്പോഴാണ് നൽകിയ പണം തിരികെ പിടിക്കാനുള്ള നീക്കം. പ്രളയവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തിന് അർഹതയില്ലാത്ത പലരും പണം കൈപ്പറ്റിയതായി ആക്ഷേപം നിലനിൽക്കുന്പോഴാണ് ദുരിതത്തിലായ കുടുംബങ്ങൾക്കു നൽകിയ പണം തിരികെ പിടിക്കാനുള്ള ശ്രമം നടക്കുന്നത്.
ഗിരീഷ് കുമാർ തിരികെ അടയ്ക്കേണ്ടത് 60,000
കോഴഞ്ചേരി മേലുകര കാഞ്ഞിരമണ് ഗിരീഷ് കുമാർ തിരികെ അടയ്ക്കാനായി റവന്യുവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത് 60,000 രൂപയാണ്. 1.80 ലക്ഷം രൂപയാണ് ഗിരീഷിന് അനുവദിച്ചത്. ഇതിൽ നിന്ന് 60,000 തിരികെ നൽകണമെന്നാണ് ആവശ്യം. മഹാപ്രളയത്തിൽ വൻ നാശനഷ്ടമുണ്ടായ വീടാണ് ഗിരിഷിന്റേത്. വീട് പൂർണമായി മുങ്ങിയിരുന്നു.
മുകളിലെ രണ്ടുവരി ഓട് അല്ലാതെ ഒന്നും അവശേഷിച്ചിരുന്നില്ല. സീലിംഗ് വെള്ളത്തിലൂടെ ഒഴുകിപ്പോയി. വീടിന്റെ ഭിത്തിക്ക് വിള്ളൽ വീണു. അടിത്തറയ്ക്ക് ബലക്ഷയം സംഭവിച്ചു. ഒരുവർഷത്തിനിടെ വീടിന്റെ വിള്ളൽ വർധിച്ചു. വെള്ളം കയറി ഗിരീഷിന്റെ വീട്ടിലെ സകല സാധനങ്ങളും നഷ്ടപ്പെട്ടതാണ്.
ടിവി, ഫ്രിഡ്ജ്, കിടക്കകൾ, പാത്രങ്ങൾ, തുണികൾ, ലാപ്ടോപ്പ് എല്ലാം പ്രളയമെടുത്തു. വൻ ബാധ്യതയിലായി കുടുംബം. വയോധികയായ മാതാവ് രോഗാവസ്ഥയിലുമായതോടെ ജീവിതം തന്നെ ദുരിതത്തിലായപ്പോഴാണ് റവന്യുവകുപ്പിന്റെ നോട്ടീസെന്ന് ഗിരീഷ് പറഞ്ഞു. തഹസീൽദാർ ഒപ്പിട്ടു നൽകിയ നോട്ടീസ് ലഭിച്ചിട്ട് രണ്ടാഴ്ചയായി. പണം തിരികെ അടയ്ക്കാൻ യാതൊരു നിർവാഹവുമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
പൊന്നമ്മ രാജൻ നൽകേണ്ടത് 1.25 ലക്ഷം
കോഴഞ്ചേരി മേലുകര അറുതോണ് വീട്ടിൽ പൊന്നമ്മ രാജൻ മടക്കി നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത് 1.25 ലക്ഷം രൂപയാണ്. വീടും അതിലുണ്ടായിരുന്ന വസ്തുവകകളും എല്ലാം നഷ്ടപ്പെട്ടയാളാണ് പൊന്നമ്മ രാജൻ. ലഭിച്ച നഷ്ടപരിഹാരം ഉപയോഗിച്ച് വീട് മെച്ചപ്പെടുത്തി. ഇപ്പോഴാണ് തുക തിരികെ പിടിക്കാൻ ഉത്തരവുണ്ടായത്.
തിരിച്ചടയ്ക്കാൻ യാതൊരു നിർവാഹവുമില്ലെന്ന് പൊന്നമ്മ പറഞ്ഞു. സാന്പത്തികമായി ഏറെ പരാധീനത അനുഭവിക്കുന്ന കുടുംബമാണ്. ജീവനോപാധിയായ പശുക്കൾ അടക്കം മഹാപ്രളയത്തിൽ നഷ്ടമായിരുന്നു. പിന്നീടുണ്ടായ സാന്പത്തിക ബാധ്യതയിൽ ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടെയിലാണ് ഇപ്പോൾ ദുരിതാശ്വാസം തിരികെപ്പിടിക്കാൻ ഉത്തരവുണ്ടായിരിക്കുന്നത്.