കൊച്ചി: പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ അനവധി അനര്‍ഹര്‍ കൈപ്പറ്റിയതായി വിവരം. നാലു ജില്ലകളിലെ മാത്രം കണക്കെടുത്തപ്പോള്‍ 799 കുടുംബങ്ങളാണ് അനര്‍ഹമായി തുക കൈപ്പറ്റിയത്. സംസ്ഥാനത്ത് ഇക്കഴിഞ്ഞ 16 വരെ 6,71,077 കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കിയെന്നും കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ തുക കൈപ്പറ്റിയ 799 കുടുംബങ്ങള്‍ അര്‍ഹരല്ലെന്നു കണ്ടു തിരിച്ചുപിടിച്ചെന്നും സംസ്ഥാന ദുരന്ത കൈകാര്യ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴിക്കോട്- 520, പാലക്കാട്- 11, മലപ്പുറം- 205, വയനാട്- 63 എന്നിങ്ങനെയാണ് അര്‍ഹതയില്ലെന്നു കണ്ടെത്തിയ കുടുംബങ്ങളുടെ എണ്ണം. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍നിന്ന് 883.82 കോടി രൂപ കലക്ടര്‍മാര്‍ക്ക് അനുവദിച്ചതില്‍ ഒക്ടോബര്‍ 23 വരെ 460.48 കോടി രൂപ വിതരണം ചെയ്തു.പ്രളയവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുള്ള കേസിലാണ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്. ബാക്കിയുള്ള ജില്ലയിലെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ അനര്‍ഹമായി തുക കൈപ്പറ്റിയവരുടെ എണ്ണം ഇതിന്റെ പലമടങ്ങുവരുമെന്നാണ് വിവരം.