ആലപ്പുഴ: ജില്ലയിലെ പ്രളയ ബാധിതർക്ക് ആന്ധ്രപ്രദേശിലെ എൻജിനിയറിങ് കോളജ് വിദ്യാർഥികളുടെ സഹായം. കുപ്പം എൻജിനിയറിങ് കോളജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഒരു കോളജ് ബസ് നിറയെ ലക്ഷക്കണക്കിന് രൂപ വില വരുന്ന സാധന സാമഗ്രികൾ ആലപ്പുഴ കളക്ടറേറ്റിലെത്തിച്ചു.
മരുന്നുകളും ബെഡ്ഷീറ്റ്, അരി, ബ്രഷ്, സോപ്പ് ,സാരി, തുണി കഴുകുന്ന സോപ്പ്, നാപ്കിനുകൾ, അടിവസ്ത്രങ്ങൾ, തോർത്ത് തുടങ്ങി അടിസ്ഥാനപരമായി വേണ്ട എല്ലാ സാധനങ്ങളുമടങ്ങിയ കിറ്റുകളാണ് ആലപ്പുഴയിലെത്തിച്ചത്. ആലപ്പുഴയിലും എറണാകുളത്തുനിന്നുമായി നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന കോളജാണിത്. ഇവിടത്തെ വിദ്യാർഥികൾ നാലുദിവസം ആന്ധ്രപ്രദേശിലും സഹായ ശേഖരണത്തിന് ഇറങ്ങിയിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു.
കോളജ് ഫിസിക്കൽ ഡയറക്ടർ സതീഷ് കുമാർ, ഗണേഷ് ബാബു, നാഗഭൂഷണം തുടങ്ങിയവർ പങ്കെടുത്തു. സബ്കളക്ടർ വി.ആർ.കൃഷ്ണതേജ വിദ്യാർഥികളിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി.