പാലക്കാട്: പ്രളയക്കെടുതിയിൽ അടിയന്തര ധനസഹായം അവശ്യപ്പെട്ട് 1101 അപേക്ഷകൾ കൂടി ലഭിച്ചു. ഇതിൽ 49 കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകിയതായി അധികൃതർ അറിയിച്ചു. ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലെ ദുരിതബാധിതർക്കാണ് തുക നൽകിയത്.
പാലക്കാട് താലൂക്കിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്. 754 അപേക്ഷകളാണ് ഇവിടെ നിന്നും ലഭിച്ചത്. ആലത്തൂർ 160, പട്ടാന്പി 111, ചിറ്റൂർ 32, മണ്ണാർക്കാട് 22, ഒറ്റപ്പാലം 22 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ നിന്നും ലഭിച്ച അപേക്ഷകൾ. വില്ലേജുകളിൽ ലഭിക്കുന്ന അപേക്ഷയിൻമേൽ അതത് തഹസിൽദാർമാർ അന്വേഷണം നടത്തി അർഹരാണെന്ന് കണ്ടെത്തിയതിനു ശേഷമാണ് ധനസഹായം അനുവദിക്കുന്നത്.
ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്നും ഇതുവരെ വിതരണം ചെയ്തത് 7330 കുടുംബങ്ങൾക്കായി 7.33 കോടിയാണ്. 7420 അപേക്ഷകരിൽ 7330 പേർ അർഹരാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടുകൂടി പാലക്കാട് താലൂക്കിൽ 1631, ചിറ്റൂരിൽ 120, ഒറ്റപ്പാലം 1232, മണ്ണാർക്കാട് 286, ആലത്തൂർ 808, പട്ടാന്പിയിൽ 3302 കുടുംബങ്ങൾക്കുമാണ് ധനസഹായം നൽകിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സംയുക്തമായാണ് തുക വിതരണം ചെയ്തിരിക്കുന്നത്.