ആലപ്പുഴ: പ്രളയ ബാധിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിയന്തര സാന്പത്തിക സഹായമായ 10,000 രൂപ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ജില്ലയിൽ ലഭിച്ചത് 26,522 അപ്പീലുകൾ. ധനസഹായവുമായി ബന്ധപ്പെട്ട അപ്പീലുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയായ ഇന്നലെ വില്ലേജ് ഓഫീസുകളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.
ദുരിതബാധിതർക്കുള്ള പട്ടികയിൽ അനർഹർ കടന്നുകൂടിയപ്പോൾ അർഹരായവർ പുറത്തായത് രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടുമൂലമാണെന്ന ആക്ഷേപവും ധനസഹായം ലഭിക്കാത്തവർ ഉയർത്തുന്നുണ്ട്. പല വില്ലേജ് ഓഫീസുകളിലും അപ്പീൽ നൽകാനെത്തിയവരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കങ്ങളുമുണ്ടായി. ഇന്നലെവരെ ലഭിച്ച അപ്പീലുകളിൽ പരിശോധന നടത്തി അർഹരായവർക്ക് പണം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാണ് റവന്യു വകുപ്പ് നടപടികളാരംഭിച്ചിരിക്കുന്നത്.
ദുരിത ബാധിതരിൽ അർഹരായവർക്ക് സംസ്ഥാന സർക്കാരിന്റെ സാന്പത്തിക സഹായം ലഭ്യമാക്കുമെന്ന് ധനസഹായവിതരണം ആരംഭിച്ച ഘട്ടത്തിൽ ധനമന്ത്രി ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രളയമുണ്ടായി ഒരുമാസം പിന്നിട്ടിടും അക്കൗണ്ടുകളിൽ പണം എത്താതിരുന്നത് കൂട്ടമായി റവന്യു വകുപ്പ് ഓഫീസുകളിലേക്ക് അപ്പീലുകളുമായെത്തിയത്.
ആദ്യഘട്ടത്തിൽ താലുക്ക് ഓഫീസുകളിലായിരുന്നു അപേക്ഷകൾ സ്വീകരിച്ചിരുന്നതെങ്കിൽ തിരക്ക് വർധിച്ചതോടെ വില്ലേജ് ഓഫീസുകളിലേക്ക് മാറ്റുകയായിരുന്നു. സാന്പത്തിക സഹായ വിതരണത്തിലെ അപാകതകൾ ജനപ്രതിനിധികൾക്കും തലവേദനയായിരിക്കുകയാണ്.
ഇന്നലെവരെ ജില്ലയിൽ 1,19,165 കുടുംബങ്ങൾക്കാണ് 10,000 രൂപ വീതം അക്കൗണ്ടുകളിൽ എത്തിച്ചത്. ജില്ലയിൽ 1,22,058 പേരാണ് സഹായ ധനത്തിന് അർഹതയുള്ളവരായി റവന്യു വകുപ്പ് കണ്ടെത്തിയിരുന്നത്. ഒരേ കുടുംബത്തിലുള്ളവർ പല ക്യാന്പുകളിൽ കഴിയേണ്ടി വന്നതിനാൽ കണക്കെടുത്തപ്പോൾ ഇരട്ടിപ്പുണ്ടായതടക്കമുള്ള കാര്യങ്ങളാലാണ് മൂവായിരത്തോളം പേർ ലിസ്റ്റിലുൾപ്പെട്ടതെന്നാണ് റവന്യു വകുപ്പിന്റെ നിഗമനം.
ഇതോടൊപ്പം ബാങ്ക് അക്കൗണ്ട് നന്പരുകൾ നൽകിയതിലെ തകരാറുകൾ അടക്കമുള്ള സാങ്കേതിക പ്രശ്നങ്ങളും തുക അക്കൗണ്ടിൽ നൽകുന്നതിന് തടസമായിരുന്നു. ധനസഹായത്തിന് അർഹതപ്പെട്ടവരിലെ ഇരട്ടിപ്പ് കണ്ടെത്തുന്നതിനടക്കമുള്ള പരിശോധനകൾ പൂർത്തിയാകുന്നതോടെ അപേക്ഷകരുടെ എണ്ണത്തിൽ കുറവുണ്ടായേക്കും. ഇപ്പോൾ ലഭിച്ചിരിക്കുന്ന അപ്പീൽ അപേക്ഷകൾ പരിശോധിച്ച് അർഹരായവർക്ക് പണം കണ്ടെത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.