ചാവക്കാട്: പ്രളയത്തിൽ വീട്ടിൽ വെള്ളം കയറി രണ്ടുദിവസം മാറി താമസിച്ചവർക്കാണ് ദുരിതാശ്വാസനിധിയിൽനിന്ന് 10,000 രൂപ നൽകുന്നത്. എന്നാൽ വെള്ളം ചവിട്ടിയവരും വെള്ളപ്പൊക്കം കണ്ടവരുമായി ആയിരങ്ങളാണ് സഹായത്തിന് അപേക്ഷ നൽകിയിട്ടുള്ളത്.രണ്ടുദിവസംകൊണ്ട് സഹായം വിതരണം ചെയ്യണമെന്ന് സർക്കാർ നിർദേശിച്ചപ്പോൾ വില്ലേജുകാർ തേടിയത് ബിഎൽഒ മാരെ. ബിഎൽഒമാർ പാർട്ടി പ്രവർത്തകരെ തേടി.
രാഷ്ട്രീയപാർട്ടി പ്രവർത്തകർ നല്കിയ പട്ടിക പ്രകാരമാണ് ധനസഹായവിതരണം ആരംഭിച്ചത്.അപേക്ഷകരുടെ എണ്ണം അനുദിനം കൂടിയപ്പോഴാണ് ആരംഭത്തിൽ പണം കൈപ്പറ്റിയവരിൽ പലരും അനർഹരാണെന്ന് തിരിച്ചറിഞ്ഞത്. ഇത്തരത്തിൽ ചാവക്കാട് താലൂക്കിൽ 565 പേർ പണം കൈപ്പറ്റിയതായി കണ്ടെത്തി. അനധികൃതമായി പണം വാങ്ങിയവരെ കണ്ടെത്തുന്നതിന് നടപടി ശക്തമാക്കിയതായി തഹസിൽദാർ കെ.പ്രേംചന്ദ് അറിയിച്ചു.
ഭരണ-പ്രതിപക്ഷ പാർട്ടികളുടെ പ്രേരണയിലാണ് പല വീട്ടുകാരും അർഹതയില്ലാതെതന്നെ അപേക്ഷ നല്കിയിട്ടുള്ളത്. കൂടുതൽ ആളുകൾക്ക് സഹായം വാങ്ങിക്കൊടുത്ത് പ്രീതി നേടി അത് വോട്ടാക്കാനാണ് രാഷ്ട്രീയക്കാർ ശ്രമിക്കുന്നത്. നടപടി വരുന്പോൾ മന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ ഉദ്യോഗസ്ഥനും അപേക്ഷകനും കുടുങ്ങും. രാഷ്ട്രീയക്കാരൻ രക്ഷപ്പെടും.
തളിക്കുളം, നാട്ടിക മേഖലയിൽനിന്നുമാണ് കൂടുതൽ അനർഹർ. വീട്ടിൽ വെള്ളം കയറിയില്ലെങ്കിലും അപേക്ഷ കൊടുത്താൽ പണം കിട്ടുമെന്ന തോന്നൽ ഉണ്ടായതോടെ പിന്നെ അപേക്ഷപ്രളയമായി. ഇതിൽനിന്ന് അർഹതയുള്ളവരെ കണ്ടെത്തുക പ്രയാസമായി. വില്ലേജിൽനിന്നുള്ള പ്രളയബാധിത ലിസ്റ്റിൽ ഉൾപ്പെടാത്ത അപേക്ഷകർക്ക് താലൂക്ക് ഓഫീസിൽ എത്തി അപേക്ഷ നൽകാമെന്ന് പറഞ്ഞതോടെ താലൂക്ക് ഓഫീസിൽ രണ്ടു ദിവസമായി അപേക്ഷകരുടെ വൻ തിരക്കാണ്.
ബിഎൽഒമാർ വില്ലേജ് ഓഫീസ് വഴി 18,679 അപേക്ഷ താലൂക്കിൽ എത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ താലൂക്ക് ഓഫീസിൽ നേരിട്ട് 2000 അപേക്ഷ കൂടി എത്തിയതായി ഡെപ്യൂട്ടി തഹസിൽദാർ കെ.ടി.ബാബു അറിയിച്ചു. ഇപ്പോൾ 20,000 നു മുകളിൽ അപേക്ഷ എത്തിയിട്ടുണ്ട്.
ദുരിതാശ്വാസക്യാന്പുകൾ രാഷ്ട്രീയപാർട്ടികൾ സ്വന്തമാക്കി. അത്തരത്തിൽ 10,000 രൂപയുടെ വിതരണവും സ്വന്തമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ദുരിതാശ്വാസക്യാന്പിന് രണ്ട് സർക്കാർ ഉദ്യോഗസ്ഥർ, ക്യാന്പിലെ രണ്ട് അന്തേവാസികൾ, വാർഡ് മെന്പർ എന്നീ അഞ്ചു പേരടങ്ങുന്ന കമ്മിറ്റിക്കാണ് ചുമതലയെന്ന് നേരത്തെ സർക്കാർ ഇറക്കിയിരുന്ന സർക്കുലർ ഭരണക്കാരുടെ സമ്മർദത്തിൽ മുങ്ങി. ഇതോടെ കയ്യൂക്കുള്ളവൻ ക്യാന്പ് കൈയടക്കി.
സർക്കാരിന്േറയും സംഘടനകളുടേയും സഹായം ഇഷ്ടാനുസരണം വിതരണം ചെയ്തു. ചുമതല ഉണ്ടെന്ന് പറഞ്ഞിരുന്ന അഞ്ചംഗ കമ്മിറ്റി നോക്കുകുത്തിയായി. പ്രളയം വന്നപ്പോൾ ജോലിഭാരം മുഴുവൻ റവന്യൂ വകുപ്പിന്. ചുമട്ടുപണിവരെ എടുത്തിട്ടും കളക്ടർ മുതൽ താഴെ ഓഫീസിലെ പ്യൂണ്വരെ കുറ്റക്കാരൻ.
ഭക്ഷ്യവസ്തുക്കളുടെ വിതരണം സപ്ലൈകോയെ ഏല്പിച്ചുവെങ്കിലും അവർ തിരിഞ്ഞുനോക്കിയില്ല. മറ്റു വിഭാഗത്തിൽപെട്ട ഉദ്യോഗസ്ഥർ കാഴ്ചക്കാർ. പണിയെടുത്ത് നടുഒടിഞ്ഞ റവന്യൂ ജീവനക്കാർക്ക് പഴി മാത്രം ബാക്കി. മന്ത്രിമാർ മുതൽ വാർഡ് മെന്പർവരെ കുറ്റപ്പെടുത്തുന്നതും റവന്യൂ വകുപ്പിനെ.
പ്രളയകാലത്ത് ദുരിതാശ്വാസം നടത്തിയും അതിനുശേഷം സഹായവിതരണത്തിനും മറ്റും വീട്ടിൽ പോകാതെ വനിത ജീവനക്കാർ വരെ താലൂക്ക് ഓഫീസിൽ തങ്ങി ജോലിചെയ്തും ഭക്ഷണം ഒരുക്കിയും ഭർത്താക്ക·ാരെ കാവലിരുത്തിയും ജോലിചെയ്തിട്ടും നാട്ടുകാരും ചോട്ടാ രാഷ്ട്രീയക്കാർ വരെ കുറ്റപ്പെടു്തുന്നത് റവന്യൂവകുപ്പിനെ. ജീവനക്കാരുടെ രാപ്പകൽ ജോലിക്ക് കുറ്റം കൂലി. തരികടപണിചെയ്ത ഉദ്യോഗസ്ഥരും ഉണ്ട്. ദുരിതം പേറുന്ന റവന്യൂ ജീവനക്കാരെ മറക്കുന്ന ജനത്തിന് മന്ത്രി ചൂലെടുത്താൽ അത് മഹാസംഭവമാണ്.