കളമശേരി: തുണിമില്ലിൽ രണ്ടുപതിറ്റാണ്ടു പണിയെടുത്തു വാങ്ങിയ ആകെയുള്ള അഞ്ച് സെന്റ് ഭൂമിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ജോർജ്. ഇന്നലെ ആലുവ താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിലാണ് വാടകവീട്ടിൽ താമസിക്കുന്ന പാലാരിവട്ടം മാളിയേക്കൽ എം.ഡി. ജോർജും ഭാര്യ തങ്കമ്മയും ആകെയുള്ള അഞ്ച് സെന്റ് ഭൂമിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
പറവൂർ താലൂക്കിൽ പെടുന്ന ഏലൂർ പാതാളം എെഎസി കമ്പനിക്ക് പിന്നിലുള്ള സ്ഥലത്തിന്റെ രേഖകൾ മന്ത്രി ഇ.പി. ജയരാജന് കൈമാറിയത്. ഇപ്പോൾ പാനായിക്കുളം കൊടുവഴങ്ങ റോഡിൽ വാടകക്ക് താമസിക്കുകയാണ് ഇരുവരും. 23 വർഷം മുമ്പ് നോർത്ത് കളമശേരി ചാക്കോളാസ് കോട്ടൺ മില്ലിൽ ജോലിയുണ്ടായിരുന്നപ്പോൾ പുതിയറോഡ് സ്വദേശി ജേക്കബിൽ നിന്നും വാങ്ങിയ പാടശേഖരമാണ്.
രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പേരിൽ തന്നെയാണ് ഇതുവരെ ജോർജ് കരം അടച്ചിരുന്നത്. മൂന്ന് വർഷം മുമ്പ് സ്ഥലം വാങ്ങിയപ്പോൾ നൽകിയ പണം തിരിച്ച് നൽകാം ആധാരം തിരിച്ച് നൽകണമെന്ന് ജേക്കബ് ആവശ്യപ്പെട്ടെങ്കിലും ജോർജിന് മനസ് വന്നില്ല. ഭൂമി പ്രളയബാധിതരുടെ പുനരധിവാസത്തിന് വിട്ടുനൽകാൻ ആഗ്രഹം വരികയായിരുന്നു.
സ്ഥലവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുൻ എംഎൽഎ എ.എം. യൂസഫ് മുഖേന മന്ത്രിയെയും റവന്യു അധികൃതരെയും ധരിപ്പിച്ച ശേഷമാണ് രേഖകൾ കൈമാറിയത്. ചാക്കോളാസിൽ സിഐടിയു യൂണിയൻ സെക്രട്ടറിയായിരുന്ന ജോർജ് സിപിഎമ്മിന്റെ മുൻ ഏലൂർ, കളമശേരി ലോക്കൽ കമ്മിറ്റികളിൽ അംഗമായിരുന്നു.