പരവൂർ: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി പൂർവ വിദ്യാർഥി കൂട്ടായ്മ. പാരിപ്പള്ളി എഴിപ്പുറം ഹയർ സെക്കൻഡറി സ്കൂളിലെ 1998 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളാണ് പ്രളയം ദുരന്തം വിതച്ച മേഖലകളിൽ എത്തി തങ്ങളാൽ കഴിയുന്ന സഹായങ്ങൾ വിതരണം ചെയ്തത്.
ചക്കുളത്തുകാവിന് സമീപം ചാത്തഞ്ചേരി ഗ്രാമത്തിലെ കോങ്കോട് ഗ്രാമത്തിലെ ഏറ്റവും ദുരിതം അനുഭവിക്കുന്ന 62 കുടുംബങ്ങൾക്ക് ഇവർ വസ്ത്രങ്ങളും അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളും കുടിവെള്ളവും എത്തിച്ചു.
പന്ത്രണ്ടംഗ കൂട്ടായ്മയെ പ്രതിനിധീകരിച്ച് ഉണ്ണി സുപ്രിയ, ആർ. ജിനേഷ് എന്നിവരാണ് കോളനിയിൽ എത്തി സാധനങ്ങൾ ഓരോ കുടുംബത്തിനും കൈമാറിയത്.
ഈ കൂട്ടായ്മയിലെ അംഗം ഗൾഫിൽ ജോലി ചെയ്യുന്ന ബിബിൻ എൻ.പിള്ളയാണ് ധനസമാഹരണം അടക്കമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.ടിവി ചാനൽ ഫെയിം ജോജോ ചാത്തഞ്ചേരി, കൊല്ലത്തെ ട്രാക്ക് പിആർഒ റോണോ റിബൈറോ എന്നിവരുടെ നിർദേശവും സഹകരണവും കൂട്ടായ്മയ്ക്ക് ഉണ്ടായിരുന്നു. ദുരിത മേഖലയിലെ സഹായ പ്രവർത്തനങ്ങൾ ഇനിയും തുടരാനാണ് കൂട്ടായ്മയുടെ തീരുമാനം.