പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി ആളുകളെ രക്ഷിച്ച് വാര്ത്തകളില് ഇടംപിടിച്ച പരപ്പനങ്ങാടി ബീച്ച് സ്വദേശി ജെയ്സലിനെ പോലീസ് അറസ്റ്റ് ചെയ്തു.
താനൂര് തൂവല് തീരം ബീച്ചില് ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന പരാതിയില് ആണ് പോലീസ് നടപടി.
2021 ഏപ്രില് 15 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഐപിസി 385 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.
താനൂര് ഒട്ടുംപുറം തൂവല് തീരത്ത് കാറില് ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലില് ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
ഒരു ലക്ഷം രൂപ ഉടനടി കൊടുത്തില്ലെങ്കില് ചിത്രങ്ങള് മോര്ഫ് ചെയ്ത് സോഷ്യല് മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
കൈയില് പണമില്ലാതിരുന്നതിനാല് സുഹൃത്തിന്റെ അക്കൗണ്ടില് നിന്ന് ഗൂഗിള് പേ വഴി 5000 രൂപ നല്കിയതാണ് യുവതിയെയും യുവാവിനെയും പോകാന് അനുവദിച്ചത്. തുടര്ന്നു ഇവര് താനൂര് പോലീസില് പരാതി നല്കി.
ജെയ്സലിനും കണ്ടാല് തിരിച്ചറിയാവുന്ന മറ്റൊരാള്ക്കുമെതിരെയാണ് താനൂര് പൊലീസ് കേസെടുത്തത്.
പ്രതി തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളില് ഒളിവില് കഴിയുകയായിരുന്നു.
ഇതിനിടെ ബുധനാഴ്ച താനൂര് സ്റ്റേഷന് പരിസരത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മുന്കൂര് ജാമ്യാപേക്ഷകള് നേരത്തെ കോടതികള് തള്ളിയിരുന്നു.
താനൂര് സി.ഐ ജീവന് ജോര്ജിന്റെ നേതൃത്വത്തില് എസ്.ഐമാരായ ശ്രീജിത്ത് നരേന്ദ്രന്, പി.കെ.രാജു, ഇ.എസ്.ഐ റഹീം യൂസഫ് തുടങ്ങിയവര് കേസന്വേഷണം നടത്തി.
മുന്പ് കേസ് ഉണ്ടായ സമയത്ത് ആരോപണങ്ങള്ക്ക് മറുപടിയുമായി ജൈസല് സാമൂഹ്യ മാധ്യമങ്ങളില് ഒരു വീഡിയോ പങ്ക് വെച്ചിരുന്നു.
മലപ്പുറം സഖാക്കള് എന്ന ഫേസ്ബുക്ക് പേജില് ആണ് ആറു മിനിറ്റില് അധികം ദൈര്ഘ്യം വരുന്ന വീഡിയോയിലൂടെ ജൈസല് മറുപടി പറയുന്നത്.
തന്റെ ഗൂഗില് പേ നമ്പര് അറിയുന്ന ആര്ക്കും തനിക്ക് പണം അയക്കാം എന്നിരിക്കെ താന് ഭീഷണിപ്പെടുത്തിയതിന്റെ എന്ത് തെളിവ് ആണ് ഉള്ളത് എന്ന് ജൈസല് ചോദിക്കുന്നു.
ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ, വീഡിയോ ഉണ്ടോ എന്നാണ് ജെയ്സലിന്റെ ചോദ്യം. താന് ഇപ്പൊള് കൊല്ലത്ത് ആണ് എന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ അന്ന് രാത്രി കൊല്ലത്ത് എത്തിയത് ആണ് എന്നും വണ്ടി കേടായി വര്ക്ക്ഷോപ്പില് ആണ് എന്നും ജെയ്സല് പറയുന്നു.
2018ല് മലപ്പുറത്തെ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്ത്തനം നടത്തുന്നതിനിടെയാണ് ജെയ്സല് താരമായി മാറിയ സംഭവം ഉണ്ടായത്.
വെള്ളം കയറിയതിനെ തുടര്ന്ന് വീടുകളില് കുടുങ്ങിയ സ്ത്രീകള് ഉള്പ്പടെയുള്ളവരെ രക്ഷപെടുത്താന് ഫൈബര് വള്ളവുമായി ജെയ്സലും കൂട്ടരും എത്തി.
ഇതിനിടെ ഒരു സ്ത്രീ വള്ളത്തില് കയറുന്നതിനിടെ വെള്ളത്തിലേക്ക് വീണു. ഇതോടെ പ്രായമായ രണ്ടു സ്ത്രീകള് വള്ളത്തില് കയറാന് കൂട്ടാക്കിയില്ല.
ഇതോടെയാണ് ജെയ്സല് കമിഴ്ന്ന് കിടന്ന് മുതുകില് ചവിട്ടി കയറാന് ആവശ്യപ്പെട്ടത്. ഈ ദൃശ്യം സമീപത്തുണ്ടായിരുന്നവര് മൊബൈലില് ചിത്രീകരിക്കുകയും വൈകാതെ സോഷ്യല് മീഡിയയില് വൈറലാകുകയും ചെയ്തു.
ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളാണ് ജെയ്സലിന് അഭിനന്ദനവുമായി അന്ന് രംഗത്തെത്തിയത്.