മുതലമട: പറന്പിക്കുളം കുരിയാർകുറ്റിയിൽ പ്രളയജലം വീടുകളിൽ കയറി നാശം നേരിട്ടവർക്ക് രണ്ടാഴ്ച കഴിഞ്ഞിട്ടും സഹായം കിട്ടാത്തതിൽ പ്രതിഷേധം ശക്തം. കുരിയാർകുറ്റിയിൽ സുരക്ഷിതമല്ലാത്ത 21 വീടുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. ഉണ്ണികൃഷ്ണൻ, രാജൻ എന്നിവരുടെ വീടിന്റെ ഭിത്തിയും ഇടിഞ്ഞുവീണു. വെള്ളം കയറിയതുമൂലം ചെളിമണ്ണ് ഇനിയും നീക്കം ചെയ്യാനായില്ല.
കോളനിയിൽ ദുരിതബാധിതർക്ക് സഹായധനമായി പതിനായിരം രൂപയ്ക്കായി 21 പേരുടെ അപേക്ഷകൾ വാങ്ങിയിരുന്നുവെങ്കിലും ഇതുവരെ അക്കൗണ്ടിൽ പണം എത്തിയിട്ടില്ല. വെള്ളം ഇറങ്ങിയതിനുശേഷം വീടുകളിൽ തിരിച്ചെത്തിയവർ ഗൃഹോപകരണങ്ങളില്ലാതെ വലയുകയാണ്. മുതലമട പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ഉൾപ്പെട്ടതാണ് കുരിയാർകുറ്റി കോളനി.
കോളനി വീടുകളിലെ രേഖകളും പാത്രങ്ങളുമെല്ലാം കുത്തിയൊഴുകി വെള്ളത്തിൽ നഷ്ടമായി. വൈദ്യുതിയെത്താത്ത ഈ കോളനിയിൽ നല്കിയിരുന്ന സോളാർലാന്പുകൾ തകരാറിലായതിനാൽ കോളനിവാസികൾ ഇരുട്ടിലാണ്.റേഷൻകടയിൽനിന്നുള്ള നാലുലിറ്റർ മണ്ണെണ്ണ മാത്രമാണ് വിളക്കുകത്തിക്കാൻ ആശ്രയം. ഇതുമൂലം കോളനിവീടുകളിലെ വിദ്യാർഥികളുടെ പഠനവും അവതാളത്തിലാണ്.
സംസ്ഥാന സർക്കാരുകൾ ആദിവാസി കുടുംബങ്ങൾക്ക് സഹായപദ്ധതികൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും കുരിയാർകുറ്റിയിലെ താമസക്കാർക്ക് ഇതിനു അർഹതയില്ലെന്ന മട്ടിലാണ് അധികൃതരിൽനിന്നുള്ള നടപടിയെന്ന ആരോപണവും ശക്തമാണ്.മൂന്നുകിലോമീറ്റർ അകലെയുള്ള വെള്ളച്ചാട്ടത്തിൽനിന്നും പൈപ്പു സ്ഥാപിച്ചാണ് കുരിയാർകുറ്റിയിലേക്കു വെള്ളമെത്തിക്കുന്നത്.
വന്യമൃഗങ്ങൾ ചവിട്ടിയോ മറ്റു വിധേനയോ പൈപ്പുപൊട്ടിയാൽ പിന്നെ കോളനിവാസികൾ കുടിവെള്ളത്തിനു ആശ്രയിക്കുന്നതു സമീപത്തെ പുഴയിലെ വെള്ളമാണ്.പറന്പിക്കുളം-തൂണക്കടവ് അണക്കെട്ടുകളിൽ ഒരേസമയത്ത് ഷട്ടർ തുറന്നതിനാൽ രണ്ടുപുഴകളും ഒന്നിക്കുന്ന മരപ്പാലത്ത് വെള്ളം എത്തിയതാണ് വെള്ളപ്പൊക്കത്തിനു കാരണമായത്.
പറന്പിക്കുളത്തെ ഷട്ടറുകൾ രണ്ടടി ഉയർത്താനുള്ള തീരുമാനത്തിനുപകരം അഞ്ചടി ഉയർത്തിയതും വെള്ളപ്പൊക്കത്തിനു കാരണമായതായി താമസക്കാർ പറയുന്നു.വനംവകുപ്പ് പുളിക്കൽ സെക്്ഷൻ ഓഫീസിൽ നാലടിയോളം വെള്ളം കയറി രേഖകൾ നഷട്മായി.സംസ്ഥാന സർക്കാർ പ്രളയബാധിതർക്ക് പ്രഖ്യാപിച്ച സഹായങ്ങൾ കുരിയാർകുറ്റിയിലും എത്തിക്കണമെന്നാണ് ഇവിടത്തെ താമസക്കാർ ആവശ്യപ്പെടുന്നത്.