കനത്ത മഴ ദുരന്തം വിതച്ച ഇടുക്കിയില്‍ ഭക്ഷണങ്ങളും മരുന്നുമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്നു. റോഡുകള്‍ പലതും തകര്‍ന്നതിനാല്‍ ഇവിടേക്ക് അത്യാവശ്യ സാധനങ്ങള്‍ എത്തുന്നില്ല. എറണാകുളത്തു നിന്നും നേര്യമംഗലം വഴിയുള്ള റോഡ് വഴി നേരിയ തോതില്‍ മാത്രമാണ് സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നത്. ഇതിനിടെ ഹൈറേഞ്ച് മേഖലയില്‍ കച്ചവടക്കാര്‍ സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നതായി വ്യാപക പരാതിയുണ്ട്. സാധനങ്ങള്‍ക്ക് കൂടിയ വില ഈടാക്കുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇടുക്കിയില്‍ വെള്ളത്തുവല്‍, പണിക്കന്‍കുടി, മുരിക്കാശേരി, മണിയാറാന്‍കുടി, കീരിത്തോട് പ്രദേശങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ട് കിടക്കുകയാണ്. ഇവിടങ്ങളില്‍ വീടുകളിലും മറ്റും നിരവധിപേര്‍ ഭക്ഷണമില്ലാതെ കഴിയുന്നുണ്ട്. കീരിത്തോട് പ്രദേശത്ത് ഭൂമി വീണ്ടു കീറിയതിനാല്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് മാറ്റിയിട്ടുണ്ട്. മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്തിപ്പെടാനായിട്ടില്ല.