സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രളയബാധിതർക്കുള്ള അടിയന്തര സഹായമായ 10,000 രൂപയ്ക്ക് ദുരന്തബാധിതരായ വാടകയ്ക്ക് താമസിക്കുന്നവർക്കും പുറന്പോക്കിൽ താമസിക്കുന്ന കുടുംബങ്ങൾക്കും അർഹതയുണ്ടെന്നും സഹായവിതരണവുമായി ബന്ധപ്പെട്ടു സർക്കാർ പുറത്തിറക്കിയ മാർഗരേഖ.
പ്രളയ സാധ്യത മുന്നിൽക്കണ്ട് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിൽ മാറിത്താമസിച്ചവർ, ആലപ്പുഴ, കോട്ടയം ജില്ലകളിലെ കഞ്ഞിപ്പുരകളിൽ രജിസ്റ്റർ ചെയ്യുകയും ഭക്ഷണം നൽകുകയും ചെയ്ത കുടുംബങ്ങൾ, ഒറ്റയ്ക്കും കുടുംബമായും ക്യാന്പിൽ രജിസ്റ്റർ ചെയ്ത അതിഥി തൊഴിലാളികൾ എന്നിവരെയും ദുരിതബാധിത കുടുംബമായി കണക്കാക്കും.
നേരത്തെ പ്രളയജലം പ്രവേശിച്ച വീടുകളിൽ താമസിച്ചവർ, പ്രകൃതി ക്ഷോഭത്തിൽ വീട് ഭാഗികമായോ പൂർണമായോ നശിച്ചവർ, മുന്നറിയിപ്പനുസരിച്ച് വീട് വിട്ട് അംഗീകൃത ക്യാന്പുകളിൽ താമസിച്ചവർ എന്നിവർക്കായിരുന്നു സഹായത്തിന് അർഹത.
അർഹരായ കുടുംബങ്ങളെ കണ്ടെത്തി സൂക്ഷ്മ പരിശോധനയക്കുശേഷം വേഗത്തിൽ പ്രസിദ്ധപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്. ഇതിനായി ഓരോ ജില്ലയിലും മന്ത്രിമാർക്ക് ചുമതല നൽകി. അടിയന്തര സഹായം സെപ്റ്റംബർ ഏഴിനകം വിതരണം ചെയ്യണം. ഉദ്യോഗസ്ഥ സമിതി തയ്യാറാക്കുന്ന പട്ടിക ജില്ലാകളക്ടർ, പഞ്ചായത്ത്ഡെപ്യൂട്ടി ഡയറക്ടർ, എന്നിവരുടെ യോഗം വിളിച്ച് വിലയിരുത്തും. അടിയന്തര സഹായം സമയബന്ധിതമായി വിതരണം ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി.
തകർന്ന വീട് അതേ സ്ഥലത്ത് പുനനിർമിക്കുന്നതിന് തദ്ദേശ സ്ഥാപനം ഒരാഴ്ചക്കകം അനുമതി നല്കണമെന്നും നിർദ്ദേശമുണ്ട്. ദുരന്തസാധ്യതാ മേഖലയിലാണെന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയോ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ അവിടെ വീട് നിർമാണത്തിന് അനുമതി നല്കില്ല.
മുട്ടൊപ്പം വെള്ളം കയറിയ വീടുകൾ, 10 ശതമാനത്തിൽ താഴെ മേൽക്കൂരയ്ക്ക് നാശം സംഭവിച്ചവ, ഇലക്ട്രിക്കൽ പ്ലംബിംഗ് തകരാർ സംഭവിച്ചവ, ഗൃഹോപകരണങ്ങൾ ഉപയോഗ ശൂന്യമായവ എന്നിവയ്ക്ക് 15 ശതമാനം വരെ നാശം സംഭവിച്ചതായി കണക്കാക്കും.
ഈ വിഭാഗത്തിൽപ്പെട്ടവർക്ക് 10,000 രൂപ വരെ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. തറയ്ക്ക് കേടുപാട് സംഭവിച്ചവ, മേൽക്കൂരയിൽ 25 ശതമാനം തകരാർ, ഇല്ക്ട്രിക്കൽ പ്ലംബിംഗ് തകരാർ, വീടിനകത്ത് ചെളിയോ മണ്ണോ അടിഞ്ഞുകൂടിയത്. മേൽക്കുരയുടെ 50 ശതമാനം വരെ തകരാർ എന്നിവയാണ് 16 മുതൽ 29 ശതമാനംവരെ തകരാറായി കണക്കാക്കുക. ഇവർക്ക് 60,000 രൂപയുടെ ധനസഹായത്തിന് അർഹതയുണ്ടാവും.
ചുമര് ദുർബലമായി പൊട്ടലുകൾ വീണവ, 50 ശതമാനത്തിലേറെ മേൽക്കൂര നഷ്ടമായവ എന്നിവയെ 30 മുതൽ 59 ശതമാനം വരെ തകരാർ സംഭവിച്ചതായി കണക്കാക്കും. 1.25 ലക്ഷം രൂപ വരെ സഹായത്തിനാണ് ഇവർക്ക് അർഹത.
ഒന്നോ ഏറെയെ ചുമരുകൾ തകർന്നതും മേൽക്കൂരയക്ക് തകരാറില്ലാത്തതുമായ കെട്ടിടങ്ങളാണ് 60 മുതൽ 74 ശതമാനം വരെ തകരാറായി കണക്കാക്കും. 2.50 ലക്ഷത്തിന്റെ സഹായത്തിനാണ് ഈ വിഭാഗത്തിൽപ്പെട്ടവർക്ക് അർഹത. സ്ട്രക്ചറൽ തകരാർ സംഭവിച്ച വീടുകൾ, മേൽക്കൂര തകർന്ന കെട്ടിടം, അടിത്തറ തകർന്ന് വാസയോഗ്യമല്ലാതായവ, വാസയോഗ്യമല്ല എന്ന് എൻജിനിയർ സാക്ഷ്യപ്പെടുത്തിയ വീടുകൾ, ദുരന്ത സാധ്യതാ മേഖലയിലെ വീടുകൾ എന്നിവയ്ക്കു നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.