കോഴിക്കോട്: പ്രളയത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ധനസഹായമായ പതിനായിരം രൂപ ഓണത്തിന് മുന്‍പ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി. ഇതുവരെ അര്‍ഹരായവര്‍ക്ക് ധനസഹായ വിതരണം തുടങ്ങിയില്ല. ഏഴിന് മുന്‍പ് കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പലയിടത്തും അന്തിമ ലിസ്റ്റ് ആയിട്ടില്ല.
വീടുകളില്‍ വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി അര്‍ഹരായവരുടെ വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. എന്നാല്‍ തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ മൂലമാണ് തുക വിതരണ നടപടികളിലേക്ക് കടക്കാന്‍ കഴിയാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ വെള്ളം കയറി സാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള അടിയന്തര സഹായമായ വിതരണ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ നിര്‍ദശിച്ചിരുന്നു. കഴിഞ്ഞവര്‍ഷത്തെ പാകപ്പിഴകള്‍ പരിഹരിച്ച് ധനസഹായവിതരണം കാര്യക്ഷമവും വേഗത്തിലുമാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത്തവണയും സമാന സ്ഥിതിവിശേഷമാണുള്ളത്.
കഴിഞ്ഞ തവണ വില്ലേജ് ഓഫീസുകളില്‍നിന്ന് ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ തെറ്റായി രേഖപ്പെടുത്തിയതുമൂലം പലര്‍ക്കും ധനസഹായം ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു. പുഴയ്ക്ക് സമീപങ്ങളിലായി താമസിച്ചവരുടെ വീടുകള്‍ക്കാണ് എറ്റവും കൂടുതല്‍ നഷ്ടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട് ചാലിയാര്‍ , മാമ്പുഴ സമീപ പ്രദേശങ്ങളില്‍ താമസിച്ചവരുടെ വീടുകള്‍ മിക്കതും വെള്ളത്തിലായിരുന്നു. നിലമ്പൂര്‍ ഉരുള്‍പൊട്ടലില്‍ മലവെള്ളം പുഴയിലൂടെ കുത്തിയൊലിച്ചാണ് വെള്ളം സമീപ പ്രദേശങ്ങളില്‍ നിയന്ത്രണാതീതമായി ഉയര്‍ന്നത്.
കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി മലവെള്ളം കുത്തിയൊഴുകിയതോടെ വീടുകള്‍ താമസയോഗ്യമാക്കാന്‍ പലര്‍ക്കും ഏറെ കഷ്ടപ്പെടേണ്ടിവന്നു. ഇതുകൂടി കണക്കിലെടുത്ത് എത്രയും പെട്ടെന്ന് സഹായധനം കൈമാറി ദുരിതബാധിതര്‍ക്ക് ആശ്വാസം പകരാനായിരുന്നു ശ്രമം. എന്നാല്‍ എല്ലാം വെള്ളത്തിലായി. ഇനി എന്ന് പണം ലഭിക്കുമെന്ന ആശങ്കയിലാണിവര്‍.