തൃശൂർ: അപ്രതീക്ഷിതമായി എത്തുന്ന പ്രളയത്തെ മുൻകൂട്ടി അറിയാൻ കണ്ടുപിടിച്ച ഫ്ളഡ് അലർട്ട് ഉപകരണത്തിന്റെ പേറ്റന്റ് മലയാളി വിദ്യാർഥിനിക്ക്..
എം.ടെക് വിദ്യാർഥിനിയും തൃശൂർ മണികണ്ഠേശ്വരം സ്വദേശിയുമായ സൽമ മോൾ ആണ് ഇതിന് അവകാശിയായത്. കേരള സ്റ്റേറ്റ് കൗണ്‍സിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോണ്‍മെന്റ് ആണ് പേറ്റന്റ് അനുവദിച്ചത്.
ഫ്ളഡ് അലർട്ട് സിസ്റ്റം എന്ന് പേരിട്ട ഈ സംവിധാനമുപയോഗിച്ച് അപ്രതീക്ഷിതമായി എത്തുന്ന പ്രളയത്തെ കുറിച്ച് ജനങ്ങൾക്ക് നേരത്തെ അറിയാൻ സാധിക്കും. കൂടാതെ ഈ വിവരം ബന്ധപ്പെട്ട അധികാരികളിലേക്ക് എത്തിക്കാനും ഇതിൽ സംവിധാനമുണ്ട്.
പെട്ടെന്ന് വെള്ളം കയറുന്ന പ്രദേശങ്ങളിൽ ആണ് ഇതിന്റെ പ്രധാന ഭാഗമായ ട്രാൻസ്മിറ്റർ സ്ഥാപിക്കേണ്ടതെന്നും വെള്ളം ഉയരുന്നതിനനുസരിച്ച് ട്രാൻസ്മിറ്ററിൽ സ്ഥാപിച്ചിരിക്കുന്ന സെൻസർ മൂലം വീടുകളിലോ മറ്റു പ്രദേശങ്ങളിലോ സ്ഥാപിച്ചിരിക്കുന്ന ഇതിന്റെ റിസീവറിൽ അപകട സൂചനയായി അലാറം അടിക്കുമെന്നും സൽമ മോൾ വിശദീകരിക്കുന്നു.
ഇതിലെ വാർണിംഗ് ബട്ടണ്‍ അമർത്തുന്നതോടെ മറ്റുള്ളവരിലേക്കും ബന്ധപ്പെട്ട അധികാരികളിലേക്കും ഈ അപകട മുന്നറിയിപ്പു പെട്ടെന്ന് എത്തിക്കാൻ സാധിക്കും. ബന്ധപ്പെട്ട അധികാരികളിലേക്ക് എത്തിക്കുന്നതിനായി ഇതിൽ അതതു പ്രദേശത്തെ ആളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിവക്കാവുന്ന ഒരു വെബ് പേജ് സ്ഥാപിക്കാൻ ഇതിൽ സംവിധാനമുണ്ട്.
വീടുകളിൽ സ്ഥാപിക്കുന്ന റിസീവറിൽ ജിപിഎസ് സംവിധാനം ഉള്ളതിനാൽ പ്രളയജലം ഉയരുന്ന സ്ഥലം അധികാരികൾക്ക് ഉടനെ കണ്ടെത്താൻ സാധിക്കും. 24 മണിക്കൂറും ഈ ഉപകരണം പ്രവർത്തന സജ്ജമായിരിക്കും.
അപകടം നില നിൽക്കുന്ന പ്രദേശങ്ങളിൽ സ്ഥാപിച്ചാൽ ഉറങ്ങി കിടക്കുന്പോഴും മറ്റും നമ്മൾ അറിയാതെ ഉണ്ടാവുന്ന പ്രളയ ദുരന്തത്തിൽ നിന്നും ഒരു പരിധി വരെ ഇതുപയോഗിച്ച് നമുക്ക് രക്ഷ നേടാമെന്ന് സൽമ മോൾ പറയുന്നു.
വൈദ്യുതിയിലും ബാറ്ററിയിലും ഇത് പ്രവത്തിക്കാവുന്നതാണ്. ഏകദേശം പതിനായിരത്തോളം രൂപയാണ് നിർമാണ ചെലവ്. ദേശമംഗലത്ത് മലബാർ കോളേജ് ഓഫ് എൻജിനീയറിംഗ് കോളേജിലെ ഒന്നാം വർഷ എംടെക് വിദ്യാർഥിനിയായ സൽമ പ്രോജക്റ്റിന്റെ ഭാഗമായാണ് ഉപകരണം കണ്ടുപിടിച്ചത്.
നേരത്തെ സാനിറ്റൈസർ ഗേറ്റ് എന്ന് പേരിട്ട ഓട്ടോമാറ്റിക് ഡിസ്പെൻസറി ഉപകരണം കണ്ടുപിടിച്ചിരുന്നു. തെക്കേപാട്ടയിൽ മുബാറക് ആണ് ഭർത്താവ്.