ജിബിൻ കുര്യൻ
കോട്ടയം: പ്രളയ ബാധിതർക്ക് നല്കാനായി ലഭിച്ച ജില്ലാ കളക്ടറേറ്റുകളിൽ കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സർക്കാർ പൊതു മാനദണ്ഡം പുറപ്പെടുവിച്ച് ഉത്തരവായി. വിദേശത്തും സ്വദേശത്തുനിന്നും എത്തിയ ടണ് കണക്കിന് വസ്തുക്കൾ എങ്ങനെ വിതരണം ചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥർ ആശങ്കയിലായ സാഹചര്യത്തിലാണ് പൊതു മാർഗദിർദേശങ്ങൾ പുറപ്പെടുവിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവായത് .
നിലവിൽ ജില്ലാ കളക്ടർമാരുടെ പക്കൽ ലഭ്യമായതും ഭാവിയിൽ ലഭ്യമാകുന്നതുമായ ദുരിതാശ്വാസ വസ്തുക്കൾ ദുരന്ത ബാധിതർക്കു വിതരണം ചെയ്യുന്നതിന് ഇതേ മാനദണ്ഡപ്രകാരമായിരിക്കുമെന്ന് ജില്ലാ കളക്ടർമാർക്ക് നല്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ലഭ്യമായ ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ ഇപ്പോഴും ക്യാന്പുകൾ പ്രവർത്തിക്കുന്ന ജില്ലകളിലെ കളക്ടർമാർ ക്യാന്പുകളിലെ ആവശ്യം തിട്ടപ്പെടുത്തി കൈമാറണം. സമൂഹത്തിലെ ദുർബല വിഭാഗമായ പട്ടിക വർഗത്തിൽപെട്ട കുടുംബങ്ങൾക്ക് ഏറ്റവും മുൻഗണന നൽകണമെന്നും നിർദേശത്തിൽ പറയുന്നു.
ബെഡ് ഷീറ്റ്, കുട്ടികൾക്കും പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക വസ്ത്രങ്ങൾ, വിവിധ തുണിത്തരങ്ങൾ, ടവ്വൽ, അടിവസ്ത്രങ്ങൾ, സാനിറ്ററി നാപ്കിൻ, ചെരുപ്പുകൾ, ബാത് സോപ്പ്, അലക്കുസോപ്പ്, വിവിധതരം മാറ്റുകൾ, മെത്ത, പായ, തലയിണ, ചൂല്, മെഴുകുതിരി, പാത്രങ്ങൾ, പ്ലേറ്റ്, ബക്കറ്റ്, മണ്ണെണ്ണ സ്റ്റൗ, തീപ്പെട്ടി, കൊതുകുനിവാരണ വസ്തുക്കൾ, ടൂത്ത് പേസ്റ്റ്, ബ്രഷ്, സൗരോർജ വിളക്ക്, ടോർച്ച്, പഠനോപകരണങ്ങൾ, ടിഫിൻ ബോക്സ്, ടാർ പോളിൻ ഉൾപ്പെടെ 31 ഇന സാധനങ്ങൾ പട്ടികവർഗത്തിൽപ്പെട്ടവർക്ക് നല്കണം.
വയനാട്, അട്ടപ്പാടി, നിലന്പൂർ, ഇടുക്കി, ആറളംഫാം എന്നീ സ്ഥലങ്ങളിലെ ദുരന്തബാധിതരായ പട്ടികവർഗ വിഭാഗങ്ങൾക്കാണ് ഇവ നല്കേണ്ടത്. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന ക്രമത്തിൽ മേൽപറഞ്ഞ വസ്തുക്കൾ വിതരണം നടത്താനാണ് നിർദേശം. ബ്ലീച്ചിംഗ് പൗഡർ, ലോഷൻ, ഗ്ലൗസ് ശുചീകരണ ഉപകരണങ്ങൾ തുടങ്ങിയവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ശുചിത്വ മിഷനു കൈമാറണം.
ആന്റിസെപ്റ്റിക് ലോഷൻ, അണുനാശിനി, ഡെറ്റോൾ, ഹാന്റ് വാഷ്, ഒആർഎസ്, അഡൽറ്റ് ഡയപർ, മരുന്നുകൾ തുടങ്ങിയവ ആരോഗ്യ വകുപ്പിനു കൈമാറണം.പായ്ക്കറ്റ് ഫുഡ്, ഡ്രൈ ഫ്രൂട്സ്, ബേബി ഫുഡ്, പാനീയങ്ങൾ, ബിസ്കറ്റ്, ഹോർലിക്സ്, ലാക്ടോജൻ, സെറിലാക്, പാൽപൊടി, നൂഡിൽസ്, റവ, റാഗി, ബേബി ക്രീം തുടങ്ങിയ കുട്ടികൾക്കാവശ്യമായ വസ്തുകൾ ദുരന്തബാധിത പ്രദേശങ്ങളിലെ ആംഗൻവാടികൾക്കു കൈമാറണമെന്നാണ് നിർദേശത്തിൽ പറയുന്നത്.
കുട്ടികൾ ഇത് ഉപയോഗിക്കുന്നതിനു മുന്പ് അംഗൻവാടി അധികൃതർ കർശനമായി പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തേണ്ടതാണ്. പറവൂർ, കുട്ടനാട്, കൊടുങ്ങല്ലൂർ, വൈക്കം എന്നീ താലൂക്കുകളിലെ ദുരിതബാധിതർക്ക് അരി, അരിപൊടി, പയർ വർഗങ്ങൾ, എണ്ണകൾ, വിവിധതരം മസാലപൊടികൾ, സവാള ഉൾപ്പെടെയുള്ള കിഴങ്ങുവർഗങ്ങൾ പച്ചക്കറികൾ, അച്ചാർ, പപ്പടം ഉൾപ്പെടെ 23 ഇനം പലവ്യജ്ഞനങ്ങളാണ് വിതരണം ചെയ്യേണ്ടത്.
ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന ക്രമത്തിൽ വിതരണം ചെയ്യണം. ഇതിനായി കുടുംബശ്രീയുടെ സഹായം തേടാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ലഭ്യമാകുന്ന കുടിവെള്ളം ആലപ്പുഴ ജില്ലയിൽ ദുരന്തബാധിതർക്കു വിതരണം ചെയ്യാനും നിർദേശത്തിൽ വ്യക്തമാക്കുന്നു.