കൊച്ചി: പ്രളയദുരന്തത്തിൽ തകർന്ന കേരളത്തിനു സാന്ത്വനമായി പശ്ചിമ ബംഗാളിലെ മലയാളി കൂട്ടായ്മയും. വിത്ത് ലൗ ഫ്രം കോൽക്കത്ത എന്ന കുറിപ്പ് പതിപ്പിച്ച നിരവധി ചരക്കുകളാണ് അവിടെനിന്നു കേരളത്തിലെത്തുന്നത്. മൂവാറ്റുപുഴ സ്വദേശിയും കണ്ണൂർ, കോഴിക്കോട് ജില്ലാ കളക്ടറുമായിരുന്ന ഡോ. പി.ബി. സലീമിന്റെ നേതൃത്വത്തിൽ കോൽക്കത്തയിൽനിന്നു കേരളത്തിലേക്കെത്തുന്നത് ഇടതടവില്ലാത്ത സഹായങ്ങളാണ്.
പശ്ചിമ ബംഗാൾ ഗവണ്മെന്റ് സെക്രട്ടറിയും മൈനോരിറ്റീസ് ഡെവലപ്മെന്റ് ആൻഡ് ഫിനാൻസ് കോർപറേഷൻ ചെയർമാനുമായ ഇദ്ദേഹം കോൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സംഘടനകളുടെ യോഗം അടിയന്തരമായി വിളിച്ചു ചേർത്തു. ദുരന്തത്തിൽ കേരളത്തിന് പരമാവധി സഹായമെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുക എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്.
മുൻപ് പശ്ചിമ ബംഗാളിലെ തന്നെ ദക്ഷിണ പർഗ്നസ്, നദിയ ജില്ലകളിൽ ജില്ലാ കളക്ടറായിരുന്നപ്പോഴുള്ള ബന്ധങ്ങൾ ഡോ. പി.ബി. സലീമിന് ഏറെ പ്രയോജനം ചെയ്തു. ഒന്നരക്കോടിയോളം രൂപയുടെ വിഭവങ്ങളാണ് ഇത്തരത്തിൽ സമാഹരിച്ചത്. നദിയയിലെ അരി മില്ലുടമകൾ 66 മെട്രിക് ടണ്‍ അരി നൽകിയപ്പോൾ ദക്ഷിണ പർഗ്നസിലെ വസ്ത്രവ്യാപാരികൾ 70 ലക്ഷം രൂപയുടെ വസ്ത്രം നൽകി.
സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കുമായുള്ള വസ്ത്രങ്ങളാണ് മില്ലുകളിൽനിന്നു നേരിട്ട് ലഭിച്ചത്. കോൽക്കത്ത ഡ്രഗ് ഓണേഴ്സ് അസോസിയേഷൻ 25 ലക്ഷം രൂപയുടെ മരുന്നും നൽകി. ഇവ കേരളത്തിലെത്തിക്കാൻ സ്പെഷൽ ട്രെയിൻ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ ലഭിച്ചില്ല.
തുടർന്ന് ഡൽഹി റെയിൽവേ ബോർഡുമായി ബന്ധപ്പെട്ട് പ്രത്യേക ചരക്കു വണ്ടികളുടെ ഏഴു ബോഗികളിൽ കോഴിക്കോട്ടേക്കും രണ്ടു കപ്പലുകളിലായി കൊച്ചിയിലേക്കും സാധനങ്ങളയച്ചു. കോഴിക്കോട്ടേക്ക് അയച്ച 140 മെട്രിക് ടണ്‍ സാധനങ്ങൾ കോഴിക്കോട്, വയനാട് ജില്ലകളിലെ ആദിവാസി മേഖലകളിലേക്കും കൊച്ചിയിലേക്കയച്ച 16 ടണ്‍ സാധനങ്ങൾ പറവൂർ, ആലുവ പ്രദേശങ്ങളിലേക്കുമുള്ളതാണ്.
പ്രളയം തുടങ്ങിയ ഉടനെ തന്നെ മരുന്നുകൾ വിമാന മാർഗം തിരുവനന്തപുരത്തെത്തിച്ചിരുന്നു. അടിയന്തര സന്ദർഭങ്ങളിൽ സഹായമെത്തിക്കുന്നതിന് എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ രൂപീകരിച്ചിട്ടുള്ള ഏഞ്ചൽസ് എന്ന സന്നദ്ധസംഘടന വഴിയാണ് സാധനങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്.
ദുരിതത്തിൽ ഒപ്പംനിന്ന് കാര്യങ്ങൾ ചെയ്യുന്നതിന് പകരമാവില്ലെങ്കിലും ബംഗാളിലുള്ളവരുടെ കരുതൽ സ്വന്തം നാടിന്റെ കണ്ണീരൊപ്പുന്നതിൽ സന്തോഷമുണ്ടെന്ന് ഡോ. പി.ബി. സലീം പറഞ്ഞു.