എടക്കര: ക്യാന്പുകളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സർക്കാർ ധനസഹായം ലഭിക്കുമെന്നു വ്യാജ പ്രചാരണം. ഇതോടെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ആളുകളുടെ പ്രവാഹം. പോത്തുകൽ പഞ്ചായത്തിലെ ഭൂദാനം സ്കൂളിലെ ക്യാന്പിലേക്കാണ് യാതൊരുവിധ കാലവർഷക്കെടുതികൾക്കും ഇരയാകാത്തവർ രജിസ്റ്റർ ചെയ്യാനെത്തുന്നത്.
പഞ്ചായത്തിലെ കവളപ്പാറയിൽ നിന്നു അൻപതോളം കുടുംബങ്ങളെ മലയിടിച്ചിൽ ഭീഷണിയെത്തുടർന്ന് വെള്ളിയാഴ്ച ഭൂദാനം സ്കൂളിലേക്കു മാറ്റിപ്പാർപ്പിച്ചിരുന്നു. മുത്തപ്പൻകുന്നിൽ നിന്നു നീരൊഴുക്കു ഉണ്ടായതിനെത്തുടർന്നായിരുന്നു ഇത്. ജിയോളജി, റവന്യൂ വകുപ്പുകളുടെ നിർദേശത്തെത്തുടർന്നായിരുന്നു ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത്.
എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി മേഖലയിൽ മഴയ്ക്ക് ശമനമുണ്ടാകുകയും കെടുതികൾക്കു സാധ്യതയില്ലാത്ത സാഹചര്യത്തിലുമാണ് നിരവധയാളുകൾ ക്യാന്പിലേക്കെത്തുന്നത്. ദുരിതാശ്വാസ ക്യാന്പിൽ രജിസ്റ്റർ ചെയ്യുന്നവർക്കു അയ്യായിരം മുതൽ പതിനായിരം രൂപവരെ സർക്കാർ ധനസഹായം ലഭിക്കുമെന്ന കുപ്രചാരണമാണ് ആളുകളെ ക്യാന്പിലേക്ക് എത്തിക്കുന്നത്.
ചിലയാളുകൾ വൃദ്ധരായ മാതാപിതാക്കളെ മാത്രം ക്യാന്പിലേക്കു മാറ്റി സ്വന്തം വീടുകളിൽ കഴിയുന്നുമുണ്ട്. ക്യാന്പിൽ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാകുന്നെ തെറ്റിദ്ധാരണയിൽ ആകൃഷ്ടരായും ആളുകളെത്തുന്നുണ്ട്.