കൊച്ചി: പ്രളയക്കെടുതി മൂലം മാറ്റിവച്ചതും അല്ലാത്തതുമായ ധാരാളം വിവാഹങ്ങൾ നടക്കുന്നതിനാൽ സത്കാരങ്ങൾ നടത്തുന്നവരും കാറ്ററിംഗ് സ്ഥാപനങ്ങളും ഹോട്ടലുകളും വിവാഹ മണ്ഡപ ഉടമകളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രളയാനന്തരം മഞ്ഞപ്പിത്തം, വയറിളക്കം, കോളറ, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങൾ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മാർഗനിർദേശങ്ങൾ
- ഭക്ഷണം പാചകം ചെയ്യുന്നതിനും വിളന്പുന്നതിനും ഉപയോഗിക്കുന്ന പത്രങ്ങൾ നന്നായി കഴുകി വൃത്തിയാക്കിയിരിക്കണം. ക്ലോറിനേറ്റ് ചെയ്ത വെള്ള ഉപയോഗിച്ചു മാത്രമേ പാത്രങ്ങൾ കഴുകാനും ഭക്ഷണം പാചകം ചെയ്യാനും പാടുള്ളൂ.
- വെൽകം ഡ്രിങ്ക്, ഐസ്, സാലഡുകൾ, മയോനൈസ്, ഐസ്ക്രീമുകൾ തുടങ്ങി വേവിക്കാത്ത വിഭവങ്ങൾ ഈ പ്രത്യേക സാഹചര്യത്തിൽ കർശനമായി ഒഴിവാക്കണം.
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ നൽകുക. നിർവാഹമില്ലെങ്കിൽ മാത്രം വിശ്വസനീയമായ കന്പനികളുടെ ശുദ്ധീകരിച്ച കുപ്പിവെള്ളം മാത്രം നൽകുക. തണുത്ത വെള്ളം ആവശ്യപ്പെടുന്നവർക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം നൽകുക.
- പാചകത്തിനുപയോഗിക്കുന്ന പച്ചക്കറികളും പഴങ്ങളും ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിൽ നല്ലപോലെ കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
- ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം, ഭക്ഷണ സാധനങ്ങളും പാത്രങ്ങളും കഴുകുന്ന സ്ഥലം, ഉപകരണങ്ങൾ, ചുറ്റുമുള്ള പരിസരം എന്നിവ വൃത്തിയുള്ളതായിരിക്കൻ പ്രത്യേകം ശ്രദ്ധിക്കുക.
- അച്ചാർ, തൈര് എന്നിവ ഗുണനിലവാരമുള്ളതായിരിക്കണം. മോരിൽ ചേർക്കാൻ ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുക.
- പാചകം ചെയ്യാനും വിളന്പാനും പകർച്ചവ്യാധികൾ ഉള്ളവരെ യാതൊരു കാരണവശാലും നിയോഗിക്കാൻ പാടുള്ളതല്ല. എല്ലാവരുടെയും ഹെൽത്ത് കാർഡ് നിർബന്ധമായും പുതുക്കി സൂക്ഷിക്കുക.
- പാചകം ചെയ്ത ഭക്ഷണസാധനങ്ങൾ അടച്ചുറപ്പുള്ള പാത്രങ്ങളിൽ മാത്രം വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുകയും, സൂക്ഷിക്കുകയും വൃത്തിയുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുകയു ചെയ്യുക.
- കല്യാണമണ്ഡപങ്ങളിൽ വെള്ളം ശേഖരിച്ചുവയ്ക്കുന്ന ടാങ്കുകൾ അടച്ചു വയ്ക്കേണ്ടതും ആഴ്ചയിലൊരിക്കൽ വൃത്തിയാക്കേണ്ടതുമാണ്.
- കിണർ വെള്ളം ഉപയോഗിക്കുന്നവർ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുക. രണ്ടാഴ്ചയിലൊരിക്കൽ കിണർ ക്ലോറിനേറ്റ് ചെയ്യണം.
- ഖര, ദ്രവ്യ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കണം, പരിസരശുചിത്വം ഉറപ്പുവരുത്തണം.
- ആവശ്യത്തിന് ടോയ് ലറ്റ്, ലാട്രിൻ, കൈകഴുകാനുള്ള ടാപ്പ്, സോപ്പ് എന്നിവ ഉണ്ടായിരിക്കണം.