പാലാ: സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജിലെ അഞ്ഞൂറിലേറെ വിദ്യാർഥികളും അധ്യാപകരും പ്രളയ ബാധിത പ്രദേശങ്ങളിൽ വീടുകളിലെ വൈദ്യുതി സംവിധാനങ്ങളുടെ പരിശോധനയും സർവേയും പൂർത്തിയാക്കി.
കോട്ടയം ജില്ലയിലെ ചെന്പ്, കടുത്തുരുത്തി, വെള്ളൂർ, ആർപ്പൂക്കര, തൃക്കൊടിത്താനം, ടിവിപുരം, അയ്മനം, കുമരകം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകളിലായി അയ്യായിരത്തിലേറെ വീടുകളിൽ സർവേ നടത്തുകയും, നൂറിൽപ്പരം വീടുകളിൽ വൈദ്യുതി സംബന്ധമായ കേടുപാടുകൾ പരിഹരിച്ചു കൊടുക്കുകയും ചെയ്തു.
സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് ചെയർമാൻ മോണ്‍. ജോസഫ് കൊല്ലംപറന്പിൽ, മാനേജർ ഫാ. മാത്യു കോരംകുഴ, പ്രിൻസിപ്പൽ ഡോ. ജെ. ഡേവിഡ്, ബർസാർ ഫാ. ജോണ്‍ പാളിത്തോട്ടം, വൈസ് പ്രിൻസിപ്പൽ ഡോ. മധുകുമാർ എന്നിവർ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇലക്ട്രിക്കൽ വിഭാഗം മേധാവി പ്രഫ. പി.വി. വർക്കി, അസി. പ്രഫ. ലിജു മാത്യു, എന്നിവരുടെ നേതൃത്വത്തിലുള്ള അധ്യാപകരും വിദ്യാർഥികളുമാണ് ഇലക്ട്രിക്കൽ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ചത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ബൈജു ജേക്കബിന്റെയും ആന്റോ മാനുവലിന്റെയും പിആർഒ ജാക്സണ് ജോസഫിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സർവേയ്ക്കു നേതൃത്വം നൽകിയത്.